വൈക്കത്ത് ഓട്ടത്തിനിടെ കാർ കത്തിനശിച്ചു

വൈക്കം: ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം കാർ നിർത്തി ഉടൻ പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.ചൊവ്വാഴ്ച രാത്രി 8.30 ഓടെ ചെമ്പ് പെട്രോൾ പമ്പിനു മുന്നിലാണ് അപകടം. ടി.വി. പുരം സ്വദേശികളായ ശിവദാസൻ, ഭാര്യ മാലതി, മകൻ ഷാരോൺ എന്നിവർ സഞ്ചരിച്ച കാറാണ് കത്തിയത്. ഷാരോണാണ് കാർ ഓടിച്ചിരുന്നത്. തൃപ്പൂണിത്തുറയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറിൽ നിന്നും പെട്ടെന്ന് പുക ഉയരുന്നതു കണ്ട് കാർ നിർത്തി യാത്രികർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിന് പിന്നാലെ ഇന്ധനം നിറച്ച ടാങ്കർ ലോറി വന്നതും തീപിടുത്തം നടന്നത് പെട്രോൾ പമ്പിന് വളരെ അടുത്തായതിനാലും പ്രദേശത്തെ ഭീതിയിലാക്കി. വൈക്കത്തു നിന്നും അഗ്നിശമന സേന ഉടൻ എത്തി തീ അണച്ചതോടെയാണ് ജനങ്ങളുടെ ഭീതി അകന്നത്. സംഭവത്തെ തുടർന്ന് വൈക്കം-എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാറിലെ സ്പാർക്കിംഗ് കാരണമാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
