|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് തെരുവ് നായയുടെ ആക്രമണം: കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു

വൈക്കത്ത് തെരുവ് നായയുടെ ആക്രമണം: കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു

വൈക്കം: വൈക്കത്ത് പേ വിഷ ബാധയുള്ള തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു. കഴിഞ്ഞ 24ന് രാത്രി കൊടിയാട് ഭാഗത്താണ് ആക്രമണം ഉണ്ടായത്. കൊടിയാട് തെക്കേ നികർത്തിൽ ശശികലയുടെ പശുക്കളാണ് ചത്തത്. ഇവർ വളർത്തിയ 7 പശുക്കളിൽ 5 പശുക്കളെ കഴിഞ്ഞ 24 ന് രാത്രിയാണ് പേവിഷബാധയുള്ള നായ കടിച്ചത്. കടിയേറ്റ 4 പശുക്കൾ തൊട്ടടുത്ത ദിവസങ്ങളിലായി ചത്തു. ഒരെണ്ണം വായിൽ നിന്നും നുരയും പതയും ഒലിപ്പിച്ച്, വെള്ളവും പുല്ലും തിന്നാൻ പറ്റാതെ തളർന്ന് ജീവിതത്തോട് മല്ലിടുന്ന സ്ഥിതിയിലാണ്. 15 വർഷമായി പശുക്കളെ വളർത്തിയാണ് ശശികലയും കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ 24ന് രാത്രി തൊഴുത്തിൽ പശുക്കളുടെ ബഹളം കേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് നായ പശുക്കളുടെ കടിച്ച് പരുക്കേൽപ്പിക്കുന്നത് കണ്ടത്. താങ്ങളെയും ആക്രമിക്കുമോ എന്ന് ഭയന്ന് വീട്ടുകാർക്ക് പുറത്തിറങ്ങിയില്ല. 25ന് ഉദയനാപുരം പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നിന്നും ഡോക്‌ടർ എത്തി പശുക്കളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്‌പ് നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ പശുക്കൾ തീറ്റയും വെള്ളവും കുടിക്കാതെ വന്നു. ഇവ അസാധാരണമായി കരയുകയും വായിൽ നിന്നും നുരയും പതയും വന്നതിനെ തുടർന്ന് ഡോക്ടറെത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് പേവിഷബാധ ഏറ്റതായി സംശയം പ്രകടിപ്പിച്ചത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ പശുക്കളെ മറ്റുള്ളവയുടെ കൂട്ടത്തിൽ നിന്നും മാറ്റിയെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തിൽ ഓരോ പശുക്കൾ കുഴഞ്ഞു വീഴുകയും 4 എണ്ണം ചവുകയുമായിരുന്നു. നിലവിൽ രോഗലക്ഷണമുള്ള പശുവിന്റെ അടുത്തേക്ക് പോകരുതെന്ന് ഡോക്‌ടർ നിർദേശിച്ചിട്ടുണ്ട്. പശുക്കളുമായി അടുത്ത് ഇടപെട്ട ശശികലയും പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്‌പ് എടുത്തു. ഒരു കുടുംബത്തിൻ്റെ ജീവിത പ്രതീക്ഷയാണ് പേവിഷബാധയുള്ള നായ മൂലം തകർന്നത്.