വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട

വൈക്കം: വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട. 34.28 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കപ്രയാർ കൊച്ചുകണിയാംതറ താഴ്ചയിൽ വിഷ്ണു വി ഗോപാൽ (32) ആണ് പിടിയിലായത്. ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാറിലുള്ള യുവാവിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് നിരോധിത ലഹരി വസ്തുവായ എം.ഡി.എം.എ കണ്ടെടുത്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും വൈക്കം പോലീസും നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച ഉച്ചയോടെ യുവാവ് പിടിയിലായത്. യുവാവ് ഇന്നലെ രാത്രിയാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുമായി എത്തിയ യുവാവിനെ രഹസ്യവിവരത്തെ തുടർന്ന് വൈക്കം എക്സൈസ് സംഘം പിടികൂടിയിരുന്നു