വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

വൈക്കം: നിയന്ത്രണം വിട്ട കാറിടിച്ച് മകളോടൊപ്പം സ്കൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തിൽ ചന്ദ്രിക കൃഷ്ണൻ (73) ആണ് മരിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ മകൾ സചിക (48)യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിൻ്റെ എതിൽ ദിശയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ റോഡരികിൽ സ്കൂട്ടറിൽ ഇരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഉദയപ്പൻ (58) നെ ഇടിച്ച് തെറിപ്പിച്ച ശേഷം പാർക്ക് ചെയ്തിരുന്ന മറ്റ് രണ്ട് സ്കൂട്ടറുകളിലും ഇടിച്ചാണ് നിന്നത്. കൈയ്ക്ക് പരിക്കേറ്റ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രികയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. പൂത്തോട്ടയിൽ നിന്നും വൈക്കം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിന് ഇടയാക്കിയ കാർ.
