വൈക്കത്തിൻ്റെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ
ആർ. സുരേഷ്ബാബു
വൈക്കം: കേരളത്തിലെ ക്ഷേത്രങ്ങളിൽ നിലവിലുള്ളതിൽ വെച്ച് ഭാരവും പഴക്കവും മൂല്യവുമേറിയ രണ്ട് സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ഉള്ള ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. ഏഴ്, ഒൻപത്, പത്ത്, പതിനൊന്ന് ഉത്സവ ദിവസങ്ങളിലും അഷ്ടമി ദിവസം രാത്രിയിലെ അഷ്ടമി വിളക്കിനും വൈക്കത്തപ്പൻ്റെയും ഉദയനാപുരത്തപ്പൻ്റെയും തിടമ്പേറ്റുന്ന ആനകൾക്ക് ഈ സ്വർണ്ണ നെറ്റിപ്പട്ടമാണ് ചാർത്തുക. തിരുവതാംകൂർ മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി നടയ്ക്കൽ സമർപ്പിച്ച സ്വർണ്ണ നെറ്റിപ്പട്ടങ്ങളാണിവ. നാഗപത്തികളും മസ്തക കുമിളകളും ചന്ദ്രക്കലകളും മറ്റ് തൊങ്ങലുകളും കൊണ്ട് മോടി പിടിപ്പിച്ചിട്ടുണ്ട്. തനി തങ്കത്തിൽ തീർത്ത തലേക്കെട്ടിന് ഏകദേശം 35 കിലോ ഭാരം വരുമെന്ന് പറയപ്പെടുന്നു.