വേൾഡ് റെക്കോഡ് ലക്ഷ്യമിട്ട് അഞ്ച് വയസ്സുകാരായ ഇരട്ടകൾ
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകൾ. അഞ്ച് വയസ്സുകാരായ നൈവേദ്യയും നിഹാരികയും വേൾഡ് റെക്കോഡ് ലക്ഷ്യമാക്കി 25 ന് വേമ്പനാട്ടുകായലിന് കുറുകെ നീന്തും. രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽ നിന്നും വൈക്കം ബീച്ച് വരെയുള്ള 9 കിലോമീറ്റർ ദൂരമാണ് കുട്ടികൾ നീന്തിക്കടക്കാനൊരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും പരിശീലിപ്പിച്ചത്. കഴിഞ്ഞ മദ്ധ്യവേനൽ അവധി മുതലാണ് കുട്ടികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. വളരെ ചെറിയ കാലയളവിലെ പരിശീലനത്തിലൂടെ കൈകാലുകൾ ബന്ധിച്ച് വരെ ബിജു തങ്കപ്പൻ പരിശീലനം നൽകിയ കുട്ടികൾ വേമ്പനാട്ട് കായൽ നീന്തിക്കടന്നിട്ടുണ്ട്. ഇതിനോടകം 29 കുട്ടികളാണ് ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെയും ബിജു തങ്കപ്പന്റെയും നേതൃത്വത്തിൽ നീന്തലിൽ വേൾഡ് റെക്കോഡുകൾ നേടിയത്.
വൈക്കം എസ്.ബി.ഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിൻ്റേയും അനുവിന്റേയും മക്കളാണ് നൈവേദ്യയും നിഹാരികയും. വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യു.കെ.ജി വിദ്യാർത്ഥികളാണ് .
രാവിലെ 9ന് വൈക്കം ബീച്ചിൽ ചേരുന്ന സമ്മേളനത്തിൽ സി.കെ. ആശ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ഡി.വൈ.എസ്.പി ടി.ബി. വിജയൻ, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, പിന്നണി ഗായകൻ ദേവാനന്ദ് തുടങ്ങിയവർ പങ്കെടുക്കും.