വിദേശ രാജ്യത്ത് ബാങ്ക് ലോൺ എടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടു, വഞ്ചനാകുറ്റത്തിന് വൈക്കത്ത് മൂന്ന് കേസുകൾ

വൈക്കം: കുവൈറ്റ് അൽഹലി ബാങ്കിൽ നിന്നും കോടികൾ ലോൺ എടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട സംഭവത്തിൽ ബാങ്ക് അധികൃതരുടെ പരാതിയിൽ വൈക്കത്ത് യുവതി അടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈക്കം സ്വദേശിയായ യുവതിക്കും തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കും എതിരെയുമാണ് കേസ്.
നാല് വർഷം മുമ്പ് ബാങ്കിൽ നിന്നും ലോൺ എടുത്ത ശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഇവർ രാജ്യം വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബാങ്ക് കൺസ്യൂമർ ഓഫീസർ ജില്ലാ പോലീസ് മേധാവിക്കും തുടർന്ന് ബാങ്ക് അധികൃതർ പോലീസ് സ്റ്റേഷനുകളിലും നേരിട്ട് എത്തി പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുവൈറ്റിൽ നിന്നും പോയ ഇവർ മറ്റ് രാജ്യങ്ങളിലാണ് നിലവിൽ ജോലി ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇത്തരത്തിൽ 12 ഓളം പേർക്കെതിരെ കോട്ടയം ജില്ലയിൽ പരാതി ഉള്ളതായിട്ടാണ് അറിയുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും എന്നാണ് സൂചന.