🔴 BREAKING..

വിനായക ചതുർത്ഥിക്ക് ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ

വിനായക ചതുർത്ഥിക്ക് ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി വിഭവ സമാഹരണത്തിൻ്റെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഇൻ ചാർജ് രാഹുൽ രാധാകൃഷ്ണൻ നിർവഹിക്കുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഗസ്റ്റ് 27 ന് ആഘോഷിക്കും. രാവിലെ 5 ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരയണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. ആഘോഷത്തിന്റെ വിഭവ സമാഹരണത്തിൻ്റെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഇൻ ചാർജ് രാഹുൽ രാധാകൃഷ്ണൻ നിർവഹിച്ചു.

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27 ന് വിനായക ചതുർത്ഥി ആഘോഷിക്കും. രാവിലെ 6ന് തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പന്തീരായിരം പുഷ്പാജ്ഞലിയും വൈകിട്ട് 5 ന് വിൽപ്പാട്ടും തുടർന്ന് ദീപകാഴ്ച, ഭഗവത് സേവ, തെക്കുപുറത്ത് ഗുരുതി, തീയാട്ട് എന്നിവ നടക്കും.

വൈക്കം തെക്കേനട വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27 ന് വിനായക ചതുർത്ഥി ആഘോഷിക്കും. മേൽശാന്തി സുരേഷ് ആർ. പോറ്റിയുടെ കാർമികത്വത്തിൽ രാവിലെ 6.30 ന് മഹാഗണപതി ഹോമവും വൈകിട്ട് 5.30 ന് കൊച്ചി ക്ഷത്രീയ ക്ഷേമ സമാജത്തിന്റെ ഭജനയും നടക്കും.

വൈക്കം ഗൗഢ സാരസ്വത ബ്രാഹ്മണണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ് 26 , 27 തീയതികളിൽ സാർവ്വജനിക് ഗണേശോത്സവം 2025 ആഘാഷിക്കും. 26 ന് വൈകിട്ട് 6 ന് സമാജമന്ദിരത്തിൽ ഗണേശ വിഗ്രഹത്തിന് വരവേൽപ്പ് നൽകും. സ്ഥപതി കൃഷ്ണകുമാറാണ് ഗണേശ വിഗ്രഹം നിർമ്മിക്കുന്നത്. തുടർന്ന് സമൂഹപ്രാർത്ഥന, ഭജൻസ്, ആരതി എന്നിവ നടക്കും. 27 ന് രാവിലെ 6ന് പ്രാണ പ്രതിഷ്ഠ, 10.30 ന് മഹാ ഗണപതി ഹവനം ഉച്ചയ്ക്ക് 1 ന് മഹാ നൈവേദ്യം വൈകിട്ട് 5.45ന് മംഗളാരതി തുടർന്ന് വേമ്പനാട്ടുകായലിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര. ബ്രഹ്മശ്രീ തുറവൂർ അനിൽകുമാർ ഭട്ട് പൂജാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കൺവീനർ സുധാകർ എൻ.നായ്ക്ക്, വീരകുമാർ കമ്മത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

വൈക്കം വലിയ കവല ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി ജിതിൻ ജ്യോതിയും, അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിൽ മധു കൃഷ്ണൻ പോറ്റിയും, പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ദിനിൽ ഭട്ടതിരിയും, ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി രൂപേഷ്, ഉദയനാപുരം കാരയിൽ മാക്കനേഴം ക്ഷേത്രത്തിൽ മേൽശാന്തി സച്ചിദാനന്ദൻ പോറ്റി, കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ മഠാധിപതി രാമചന്ദ്ര സ്വാമി മേൽശാന്തി പ്രവിഷ്, തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി സിബിൻ എന്നിവരുടെ കാർമ്മികത്വത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും.