വോട്ടർ പട്ടിക ക്രമക്കേട്: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം

വൈക്കം: വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തി പാർലമെൻ്റ് തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് ജയിക്കാൻ വഴിയൊരുക്കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ്റെ ഓഫീസിലേക്ക് ജനകീയമാർച്ച് നടത്തിയ രാഹുൽ ഗാന്ധി എം പിയേയും ഇൻഡ്യാ മുന്നണി നേതാക്കളേയും അറസ്റ്റു ചെയ്തതിൽ പ്രതിക്ഷേധിച്ച് വൈക്കത്ത് പ്രതിഷേധം ഇരമ്പി. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ അഗ്നിയും സംഘടിപ്പിച്ചു.
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പള്ളിക്കവല, മാർക്കറ്റ് ജംഗ്ഷൻ ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിലും പ്രതിഷേധ അഗ്നിയിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. പി.പി. സിബിച്ചൻ, മണ്ഡലം പ്രസിഡൻ്റുമാരായ കെ.ഡി. ദേവരാജൻ, കെ.ജെ.സണ്ണി, മോഹൻ കെ.തോട്ടുപുറം, നേതാക്കളായ എൻ.സി. തോമസ്, വിജയമ്മ ബാബു, എം.ജെ.ജോർജ്, റഷീദ് മങ്ങാടൻ, ജയേഷ് മാമ്പള്ളി, വി.ടി.ജയിംസ്, ശശിധരൻ വാളവേലി, പി.വി.സുരേന്ദ്രൻ, കുമാരി കരുണാകരൻ, ജോൺ തറപ്പേൽ, പി.എം മക്കാർ, പോൾ തോമസ്, കെ.സജീവൻ, ഷൈൻ പ്രകാശ്, ജെസ്സി വർഗ്ഗീസ്, ധന്യ സുനിൽ, മജിത ലാൽജി തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ഗ്രൗണ്ട് പരിസരത്തു നിന്നും പ്രതിക്ഷേധ പ്രകടനം ആരംഭിച്ച് ബോട്ട് ജെട്ടി മൈതാനിയിൽ സമാപിച്ചു. പ്രതിക്ഷേധ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, അഡ്വ. എ. സനീഷ്കുമാർ, ജയ് ജോൺ പേരയിൽ, നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, ടൗൺ മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി, മണ്ഡലം പ്രസിഡൻ്റുമാർ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.