വടക്കും ചേരിന്മേൽ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കത്തഷ്ടമിയുടെ ചടങ്ങായ വടക്കും ചേരിന്മേൽ എഴുന്നളളിപ്പ് ഭക്തി സാന്ദ്രമായി. എട്ടാം ഉൽസവ ദിവസം നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്. കളിയരങ്ങിൽ നടക്കുന്ന കഥകളിയുടെ സംഗീതം ആസ്വദിച്ചു കൊണ്ടാണ് നാദശരീരനായ വൈക്കത്തപ്പൻ ക്ഷേത്ര ഗോപുരം വിട്ടു പുറത്തേക്ക് എഴുന്നള്ളിയത്. എഴുന്നള്ളത്തിന് മൂന്നു ഗജവീരൻമാർ അണിനിരന്നു. എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുമ്പോൾ കാലാക്കൽ വല്യച്ഛൻ്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കണം എന്ന ആചാരവും ഉണ്ട്. ഉദയനാപുരം ക്ഷേത്രം കടന്ന് ചെമ്പ് ദേശം വരെ പോയി അവിടെ വച്ച് ശംഖ് കമഴ്ത്തി പിടിച്ച് ഊതി തിരിച്ച് എഴുന്നളളി. കൂട്ടുമ്മൽ ക്ഷേത്രത്തിലും ഇത്തിപ്പുഴ കൊട്ടാരത്തിലും ഇറക്കി പൂജയും നിവേദ്യവും നടന്നു.