വയോധികയായ ലോട്ടറി വിൽപ്പനക്കാരിയുടെ ടിക്കറ്റുകൾ കവർന്നു

തലയോലപ്പറമ്പ്: പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് തട്ടിപ്പ് നടന്നത്. തിരുപുരം ക്ഷേത്രത്തിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന പാറക്കൽ സ്വദേശിയായ അല്ലി (70) ആണ് തട്ടിപ്പിനിരയായത്. നടന്ന് ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന ഇവരുടെ കൈയ്യിൽ നിന്നും 35 ടിക്കറ്റുകൾ വാങ്ങി ഗൂഗിൾ പേ ചെയ്യാമെന്ന് പറയുകയും ഗൂഗിൾ പേ ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് പഴയ ടിക്കറ്റുകൾ തിരികെ നൽകുകയുമായിരുന്നു. പിന്നീട് ഇവർ മറ്റൊരാൾക്ക് ടിക്കറ്റ് നൽകിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഇതിനിടെ ടിക്കറ്റുമായി യുവാവ് കടന്ന് കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി.
ഇതിനിടെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ ഒരു യുവാവിനെ വെള്ളിയാഴ്ച ഏറ്റുമാനൂർ പോലീസ് പിടികൂടിയിരുന്നു. ഇടുക്കി സ്വദേശി നവാസ് അലിയാർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ഭാഗത്ത് ലോട്ടറി വില്പന നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽ നിന്നും 120 ലോട്ടറികൾ വാങ്ങിയ ശേഷം അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്തായിരുന്നു തട്ടിപ്പ്. ഇയാൾ തന്നെയാണൊ തലയോലപ്പറമ്പിലും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.