10 വർഷത്തിനിടെ കേരളത്തിൽ തെരുവു നായുടെ കടിയേറ്റ് മരിച്ചത് 118 പേർ
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ തെരുവുനായ കടിയേറ്റ് മരിച്ചത് 118 പേരാണ്. 2016 മുതൽ 2025 വരെയുള്ള കണക്കാണിത്.
ഇതിൽ 10 വയസ്സിൽ താഴെയുള്ള കുട്ടി മുതൽ 90 കാരി വരെ മരണപ്പെട്ടവരുടെ കണക്കിലുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും അധികം പേർ മരിച്ചിരിക്കുന്നത്. ഇരുപത്തി ഒന്ന് പേരാണ് കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 16 പേരും പാലക്കാട്ട് 12 പേരും തൃശ്ശൂർ 11 പേരും നായ് കടിയേറ്റ് മരിച്ചിട്ടുണ്ട്. എറണാകുളം കോഴിക്കോട് ജില്ലകളിലായി 9 പേരും പത്തനംതിട്ടയും കണ്ണൂരും ഏഴുപേരു വീതവും മലപ്പുറത്തെ നാല് പേരും ഇടുക്കിയും വയനാട് ജില്ലകളിലായി മൂന്നുപേരു വീതവും കോട്ടയത്ത് രണ്ടു പേരും കാസർഗോഡ് ഒരാളും തെരുവ് നായ് കടിയേറ്റ് മരിച്ചെന്നാണ് കണക്ക്. ഇതിൽ 10 വയസ്സിൽ താഴെയുള്ള 12 പേരാണ് മരിച്ചത്. 80 വയസ്സിന് മുകളിൽ മൂന്നു പേരെ മരിച്ചിട്ടുണ്ട്. പത്തു വയസ്സു മുതൽ 20 വയസ്സ് വരെ ഉള്ളതിൽ 9 പേരാണ് മരണപ്പെട്ടത്. 30 വയസ്സു വരെയുള്ളതിൽ ആറുപേരും 40 വയസ്സ് വരെ ഉള്ളതിൽ 17 പേരും 60 വയസ്സുവരെയുള്ളവരിൽ 27 പേരും 70 വയസ്സുവരെയുള്ളവർ 15 പേരും 80 വയസ്സുവരെയുള്ളത് നാലു പേരുമാണ് മരണപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്. ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്.