ആറാട്ടെഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി
വൈക്കം: വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തിന്റെ സമാപനമായി നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച രഥത്തിലാണ് ആറാട്ടിനായി ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചത്.
തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിൽ വലിയാന പുഴയിലെ കടവിലാണ് ആറാട്ട് നടന്നത്. വൈക്കം ഉണ്ണിക്കണ്ണന്റെ നേതൃത്വത്തിൽ മേളം നടന്നു. ആറാട്ടെഴുന്നള്ളിപ്പിന് വൃതമെടുത്ത ഭക്തരാണ് രഥം നിയന്ത്രിച്ചത്. ആറാട്ടു വരവിന് വൈക്കം ജയന്റെ പഞ്ചാരിമേളവും താലപ്പൊലിയും അകമ്പടിയായി. ഉപദേവതമാർക്ക് കലശം തിരുവോണ സദ്യ, പഞ്ചാരിമേളം വിളക്ക്, വലിയ കാണിക്ക എന്നിവയും നടന്നു.
ചടങ്ങുകൾക്ക് ഭാരവാഹികളായ എസ്. മധു, കെ.എം.നാരായണൻ നായർ, എ. ചന്ദ്രശേഖരൻ നായർ, ടി. നന്ദകുമാർ, പ്രമോദ് ചന്ദ്രൻ, അജിത് കുമാർ, കെ. ബാബുരാജ്, കെ.ബി. ശിവപ്രസാദ്, എം.കെ. രാജ്കുമാർ, എ. ശ്രീകല എസ്. ദേവിപാർവതി എന്നിവർ നേതൃത്വം നല്കി.