അഷ്ടമി ചടങ്ങുകൾക്ക് നാളെ തുടക്കമാകും
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾക്ക് 24 ന് തുടക്കമാകും. അഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കൽ നാളെ രാവിലെ 6.15 നും 9.45 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും. പുള്ളി സന്ധ്യവേല 27,29,31, നവംബർ 2 തിയതികളിലാണ് നടക്കുക. മുഖ സന്ധ്യവേലയുടെ കോപ്പുതൂക്കൽ നവംബർ 3 ന് രാവിലെ 7.15 നും 9.15 നും ഇടയിലാണ്.മുഖ സന്ധ്യവേല നവംബർ 4 മുതൽ 7 വരെ നാല് ദിവസം തുടർച്ചയായി നടക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേല നവം.26 നും തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല 28 നും തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ സന്ധ്യവേല 29 നും വടയാർ സമൂഹത്തിന്റെ സന്ധ്യവേല 30 നും നടക്കും. വൈക്കം സമൂഹത്തിനും വടയാർ സമൂഹത്തിനും ഒറ്റപ്പണ സമർപ്പണ ചടങ്ങുണ്ട്. കൊടിയേറ്ററിയിപ്പ്, അഷ്ടമി കോപ്പുതുക്കൽ, കുലവാഴ പുറപ്പാട് എന്നിവ നവം. 30 നാണ്. പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് ഡിസംബർ 1 തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30നും 7.30നും ഇടയിൽ കൊടിയേറും. വൈക്കത്തഷ്ടമി ഡിസം. 12ന്. രാവിലെ 4.30 നാണ് അഷ്ടമി ദർശനം. രാത്രി 10 ന് അഷ്ടമി വിളക്ക് ആരംഭിക്കും. ഉദയ നാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിട പറയൽ എന്നിവയോടെ അഷ്ടമി വിളക്കിന് സമാപനമാകും. വൈക്കത്ത് ആറാട്ട് ഡിസം.13 നാണ്. മുക്കുടി നിവേദ്യം 14ന് നടക്കും. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് നവംബർ 26ന് രാവിലെ 6.30 നും7.45നും ഇടയിൽ നടക്കും. ഡിസംബർ 4ന് തൃക്കാർത്തിക. ഉത്സവത്തിന്റെ കോപ്പുതൂക്കൽ നവംബർ 25 ന് രാവിലെ 10.05നും 11.45നും ഇടയിൽ ക്ഷേത്രത്തിൽ നടക്കും.