ഭക്തി സാന്ദ്രം;പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിനം
വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിനത്തിലെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. 31, നവം 2 തീയതികളിലും പുള്ളി സന്ധ്യവേലയുണ്ട്. മുഖ സന്ധ്യവേല നവം. 4 ന് തുടങ്ങും തുടർച്ചയായി നാലു ദിവസമാണ് മുഖ സന്ധ്യവേല. മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും. സമൂഹം സന്ധ്യ വേല 26ന് ആരംഭിച്ച് 30ന് സമാപിക്കും.