ചെമ്മനത്തുകര മേഖലകളിൽ നിരന്തരമായ മോഷണങ്ങൾ; വ്യാപാരികളും പ്രദേശവാസികളും ആശങ്കയിൽ

വൈക്കം: ടി.വി. പുരം പഞ്ചായത്തിലെ ചെമ്മനത്തുകര മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന മോഷണ സംഭവങ്ങൾ പ്രദേശ വാസികളേയും, വ്യാപാരികളേയും ആശങ്കയിലാക്കുന്നതായി പരാതി. ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, കുടുംബ ക്ഷേത്രത്തിലെ ആലയങ്ങൾ എന്നിവിടങ്ങളിലാണ് അടുത്തിടെ മോഷണമുണ്ടായത്. ഇത് സംബന്ധിച്ച പരാതികൾ പൊലീസിന് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെമ്മനത്തുകര അനീഷിന്റെ പലചരക്ക് കട, നമ്പ്യത്ത് പുഷ്പ്പന്റെ ബേക്കറിക്കട എന്നിവിടങ്ങളിൽ കവർച്ച നടന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കട കുത്തി തുറന്ന് മോഷണം നടത്തുന്നതിനിടയിൽ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. നിരന്തരമായ മോഷണവും മോഷണ ശ്രമങ്ങളും വ്യാപാരികളെ ഭയപ്പെടുത്തുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മനത്തുകര യൂണിറ്റ് പരാതി പെട്ടു. പൊലീസിന്റെ അന്വേഷണ നടപടികളും രാത്രി സമയങ്ങളിൽ പട്രോളിംഗ് ശക്തമാക്കണമെന്നും നിലവിലെ സ്ഥിതി ഗതികൾക്ക് പരിഹാരമുണ്ടാക്കണമെന്നും വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികൾ പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടു.