ദേശഗുരുതിക്ക് കാൽനാട്ടി
ആർ. സുരേഷ്ബാബു
വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് ദേശ ഗുരുതിയുടെ കാൽനാട്ടു കർമ്മം നടന്നു. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, തീയാട്ട് ആചാര്യൻ തെക്കെടത്ത് ശശിധര ശർമ്മ എന്നിവർ കാർമ്മികത്വം വഹിച്ചു. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിൽ മന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണു നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, മേൽശാന്തി ജയചന്ദ്രൻ പോറ്റി കീഴ്ശാന്തി കണ്ണൻ പോറ്റി, എന്നിവർ നേതൃത്വം നല്കി.
ആചാരപ്രകാരം വൃക്ഷം മുറിച്ചു

വടക്കുപുറത്ത് ദേശഗുരുതിക്ക് കാൽനാട്ടാൻ തെക്കേനട ഇണ്ടംതുരുത്തിൽ ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീനിവാസിൽ ശ്രീനിവാസന്റെ പുരയിടത്തിൽ നിന്നാണ് ലക്ഷണമൊത്ത വൃക്ഷം നിലം തൊടാതെ മുറിച്ചെടുത്തത്. മൂന്ന് മീറ്റർ നീളവും 35 ഇഞ്ച് വണ്ണവുമുള്ള വൃക്ഷം മുറിക്കുന്നതിന് അവകാശി ചെമ്മനത്തുകര വട്ടവേലിൽ രാധാകൃഷ്ണൻ ആചാരി ആചാര്യനായി.
പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ
ആചാരപ്രകാരം മുറിച്ചെടുത്ത വൃക്ഷം അലങ്കരിച്ച വാഹനത്തിൽ മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നൽകിയ വരവേല്പിന് ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് മൂത്തേടത്തുകാവ് ഭഗവതിയുടെ സന്നിധാനത്ത് എത്തിച്ചു. അലങ്കാര ഗോപുരത്തിൽ ആചാരമനുസരിച്ച് എതിരേറ്റ് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് കാൽനാട്ടിയത്.
വടക്കു പുറത്ത് പാട്ടിന്റെ സമാപനമായി വടക്കു പുറത്ത് ദേശഗുരുതി
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന വടക്കുപുറത്ത് പാട്ടിന്റെ സമാപനമായി മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തുന്നതാണ് വടക്കുപുറത്ത് ദേശഗുരുതി. കാൽ നാട്ടിയ വൃക്ഷത്തിന് മുന്നിൽ ദീപം തെളിച്ചു. വടക്കുപുറത്ത് ഗുരുതി തീരുന്നത് വരെ വിളക്ക് അണയാതെ സൂക്ഷിക്കും. കാൽ നാട്ടിയതോടെ ക്ഷേത്രത്തിൽ രാവിലെ 8 ന് പന്തീരായിരം പുഷ്പാഞ്ജലി, വൈകിട്ട് 7 ന് തെക്കുപുറത്ത് ഗുരുതി, 8 ന് തീയാട്ട്, എന്നിവ നടത്തും.
ദേശഗുരുതി ഫെബ്രു. 6 ന്
ദേശഗുരുതി ഫെബ്രുവരി 6 നാണ്. 64 ഖണ്ഡങ്ങൾ വീതം നാലു തടങ്ങൾ ചേർത്താണ് വടക്കുപുറത്ത് ഗുരുതിക്കായി തടം ഒരുക്കുന്നത്. തീയാട്ട് വേഷത്തിൽ തീയാട്ട് ആചാര്യനാണ് വടക്കുപുറത്ത് ഗുരുതി നടത്തുന്നത്. ഗുരുതിയുടെ ഭാഗമായി 12 ദിവസം പുഷ്പാഭിഷേകം, താലപ്പൊലി, വണിക വൈശ്യ സംഘത്തിന്റെ വിൽപ്പാട്ട്, വടക്കുപുറത്ത് പാട്ട് എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.