ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബ യൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും നടന്നു

തലയോലപ്പറമ്പ്: ഒന്നിച്ച് നിൽക്കുവാനും സമുദായ അംഗങ്ങളുടെ ഉന്നമനം ലക്ഷൃമിട്ടുമാണ് കുടുംബ യൂണിറ്റുകൾ തുടങ്ങിയതെന്നും മറ്റുള്ളവരെപ്പോലെ ഈഴവർക്കും ജീവിക്കാൻ വേണ്ടിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോരാടുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. ജാതി പോലും പറയാൻ അവകാശമില്ലാതിരുന്ന കാലത്ത് ജീവിച്ച നമ്മളോടാണ് ഇന്ന് സമുദായത്തിന് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ശക്തമായി പറയുമ്പോൾ ജാതി പറയുകയാണെന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രീതി നടേശൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. ഏനാദി ശ്രീനാരായണ ഗുരുക്ഷേത്രം ശ്രീ നാരായണ പ്രാർത്ഥനാലയത്തിൽ രജതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം പ്രീതി നടേശൻ നിർവ്വഹിച്ചു.വൈക്കംയൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറഞ്ഞു.ശാഖയിലെ വനിതാസംഘം സമാഹരിച്ച് പ്രസിദ്ധീകരിച്ച ''ഗുരുഗീതം'' പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം പ്രീതി നടേശൻ ചടങ്ങിൽ നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, ശാഖാ സെക്രട്ടറി വി.വിനു, വൈസ് പ്രസിഡന്റ് പി.സി.ഹരിദാസൻ, പ്രസിഡന്റ് എ.റ്റി.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് ശ്രീനാരയണീയർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ കൺവെൻഷൻ്റെ ഭാഗമായി നാളെ വൈകിട്ട് 6ന് മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ''ശ്രീനാരായണ ഗുരുവിലെ ഈശ്വരീയത'' എന്ന വിഷയത്തിലും. 19ന് വൈകിട്ട് ''പരമാചാര്യ നമസ്തേ'' എന്ന വിഷയത്തിൽ മുസ്തഫ മൗലവിയും 20ന് വൈകിട്ട് ''ശ്രീനാരായണ ഗുരുവും എസ്.എൻ.ഡി.പി യോഗവും'' എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും പ്രഭാഷണം നടത്തും.

