വീട്ടുമുറ്റത്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
ഇടവട്ടം: ഇടവട്ടം അറുപതിൽ മാപ്ലിശ്ശേരി ബിനുമോഹൻ്റെ വീടിനു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ചൊവാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. വണ്ടിയിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോൾ സ്കൂട്ടറിന്റെ ബാറ്ററി ഇരിക്കുന്ന ഭാഗത്ത് നിന്ന് തീപടരുകയായിരുന്നു. ഉടൻ തന്നെ 112 ലേക്ക് വിളിച്ചറിയിച്ച ശേഷം വീട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചു. ഏതാനും നിമിഷങ്ങൾക്കകം വൈക്കത്തു നിന്നുമെത്തിയ അഗ്നിരക്ഷാസേന
ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.

തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.
സമീപത്തുണ്ടായിരുന്ന രണ്ട് പെട്രോൾ വാഹനങ്ങളിലേക്കും തൊട്ടടുത്തുള്ള വൈദ്യുതി മീറ്റർ ബോക്സിലേക്കും തീ പടരാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി. ബാറ്ററിയിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments ()