അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും
വൈക്കം: മുഖസന്ധ്യ വേല എഴുന്നള്ളിപ്പ് കടന്ന് പോകുന്ന പ്രദക്ഷിണ വഴിയുടെ സമീപത്ത് കാണുന്ന ഈ കിണർ ഒരു ചരിത്ര അവശേഷിപ്പാണ്. അഷ്ടമി ഉൽസവ പ്രാരംഭ ചടങ്ങുകളായ സന്ധ്യവേലകൾ നടക്കുമ്പോൾ അന്യംനിന്ന് പോയ ഒരു സന്ധ്യവേലയുടെ ഓർമ്മപ്പെടുത്തൽ. വൈക്കം മഹാദേവക്ഷേത്രത്തിലെ വിസ്മൃതമായ പെരുമ്പടപ്പ് സന്ധ്യവേലയുടെ ചരിത്രം പറയുന്ന കിണറാണ് ക്ഷേത്രത്തിലെ ഈ അവശേഷിപ്പ്. പെരുമ്പടപ്പ് രാജാക്കൻമാരും തിരുവിതാംകൂർ രാജാവും തമ്മിലുള്ള പിണക്കത്തിൻ്റെ ചരിത്രത്തിലക്കുള്ള ചൂണ്ട് വിരലാണ് ഇത്. ക്ഷേത്ര വടക്ക് കിഴക്ക് ഭാഗത്ത് ഊട്ടുപുരക്ക് സമീപത്തെ കിണറാണ് ആ ചരിത്രം പറയുന്നത്. അഷ്ടമി സന്ധ്യവേലക്കാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിൻ്റെ അധിപരായ കൊച്ചി രാജവംശം നടത്തിയിരുന്ന സന്ധ്യവേലയും ക്ഷേത്രത്തിൽ നടന്നിരുന്നു.
പെരുമ്പടപ്പ് സന്ധ്യവേലയായിരുന്നു പുള്ളി സന്ധ്യ വേലക്കും മുഖസന്ധ്യവേലക്കും സമാനമായി കൊച്ചിരാജ വംശം നടത്തിയിരുന്നത്. കൊച്ചി രാജാക്കന്മാർ അമൃതേത്തിന് മുൻപായി നിത്യേന ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പന് മാറ്റിവയ്ക്കുന്നത് പതിവായിരുന്നത്രെ. ഇങ്ങനെ വർഷം മുഴുവൻ സ്വരൂപത്തിൽ മാറ്റിവയ്ക്കുന്ന അരി, വർഷത്തിലൊരിക്കൽ അഷ്ടമിക്ക് മുൻപായി വൈക്കം ക്ഷേത്രത്തിൽ എത്തിക്കുകയും, അതുപയോഗിച്ച് അന്ന് പ്രത്യേക പ്രാതൽ നടത്തുകയും ചെയ്തിരുന്നതായാണ് ചരിത്രം. പെരുമ്പടപ്പ് സന്ധ്യവേല നടക്കുന്ന നാളിൽ ക്ഷേത്രത്തിലെ പ്രാതലിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട വിഭവങ്ങളെല്ലാം കൊച്ചിയിലെ പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്ന് നേരിട്ട് എത്തിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ തിരുവിതാംകൂർ രാജാക്കന്മാരുമായി കൊച്ചി രാജാവിന് ചില അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉടലെടുത്തതോടെ ക്ഷേത്രചടങ്ങുകളിൽ ചില നിയന്ത്രണങ്ങളും വിലക്കുകളും തിരുവിതാംകൂർ രാജാവ് ഏർപ്പെടുത്തി.

ഇതോടെ കൊച്ചി രാജാക്കന്മാർക്ക് സ്വന്തം നിലയിൽ ചില സംവിധാനങ്ങൾ ഒരുക്കേണ്ടിവന്നു. പിന്നീട് പെരുമ്പടപ്പ് സന്ധ്യവേല നടക്കുന്ന നാളിൽ പ്രാതലിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി വരുന്ന വെള്ളം എടുക്കുന്നതിനായി ക്ഷേത്രത്തിലെ പൊതു ജലസ്രോതസ്സുകളെ ആശ്രയിക്കാൻ കൊച്ചി രാജാക്കന്മാർ തയ്യാറാകാതെ വന്നുവെന്നും വെള്ളത്തിനായി ഊട്ടുപുരയ്ക്ക് സമീപത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ വകയായി ഒരു പ്രത്യേക കിണർ പണികഴിപ്പിച്ചുവെന്നുമാണ് ചരിത്രം. എന്നാൽ പെരുമ്പടപ്പ് സന്ധ്യവേലയും അനുബന്ധ ചടങ്ങുകളും പിന്നീട് ക്ഷേത്രത്തിൽ നിലച്ചു. ആ ചരിത്രത്തിന്റെ ശേഷിപ്പായി ഓർമ്മപ്പെടുത്തലായി ആ കിണർ ഇന്നും ഇവിടെ ഈശാനോകോണിൽ (വടക്കു ഭാഗത്ത്) ഊട്ടുപുരയ്ക്ക് സമീപമായുണ്ട്. ചരിത്രത്തിൻ്റെ മൂകസാക്ഷിയായി മറഞ്ഞ പെരുമ്പടപ്പ് സ്വരൂപത്തിൻ്റെ ആചാരത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി...
Comments ()