ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു
എസ്. സതീഷ്കുമാർ
എറണാകുളം: കൂത്താട്ടുകുളത്ത് തലനാരിഴയ്ക്കു ഒഴിവായത് വൻ ദുരന്തം. 20 ഓളം പേർക്ക് പരുക്കേറ്റു. സൂചന നൽകാതെ പെട്ടെന്നു തിരിഞ്ഞ ഒരു ബൈക്ക് യാത്ര ക്കാരനെ രക്ഷിക്കാനായി ബസ് വലത്തേക്കുവെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു.
കൂത്താട്ടുകുളം-പിറവം റോഡിൽ കാക്കൂരുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. വിവാഹസംഘം സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി മറിഞ്ഞെങ്കിലും ആർക്കും ഗുരുതര പരുക്കേറ്റില്ല. ഇന്നു രാവിലെ 10.25 നായിരുന്നു അപകടം. വിവാഹത്തിൽ പങ്കെടുക്കാനായി 35ഓളം പേരുമായി പിറവത്തുനിന്ന് ഇലഞ്ഞിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കൂത്താട്ടുകുളത്തെ മൂന്ന് സ്വകാര്യ ആശുപ്രതികളിലായി പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സൂചന നൽകാതെ പെട്ടെന്ന് പെട്രോൾ പമ്പിലേക്കു തിരിയാൻ ശ്രമിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഇതിൽ കാണാം.

പെട്ടെന്ന് ബ്രേക്ക് ചെയ്തു വലതുവശത്തേക്കു വെട്ടിച്ച ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പെട്രോൾ പമ്പ് പരിസരത്തേക്കു മറിയുകയുമായിരുന്നു. പെട്രോൾ പമ്പിലെ ഇന്ധനം വിതരണം ചെയ്യുന്ന യൂണിറ്റുകൾക്കു തൊട്ടടുത്താണ് ബസ് മറിഞ്ഞു വീണത്. ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റുകൊണ്ടുള്ള ചെറിയ തൂണിൽ തട്ടിയ ശേഷം ബസ് മറിയുകയായിരുന്നു. സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നോ എന്നു പരിശോധിക്കാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഇരുചക്രവാഹനം പെട്ടെന്നു വലത്തേക്ക് തിരിക്കുന്നതും ബസ് വലത്തേക്ക് വെട്ടിക്കുമ്പോൾ വാഹനത്തിന്റെ പിൻഭാഗം കൊണ്ട് മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ധനം നിറച്ചശേഷം പോകാനായി ഇരുചക്രവാഹനത്തിൽ ഇരുന്ന ഒരാളുടെ തൊടടുത്താണ് ബസ് മറിഞ്ഞ് വീണത് ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
Comments ()