ഗുണഭോക്തൃ ലിസ്റ്റ് നൽകാത്തതിനാൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യം നഷ്ടമാകുന്നു

വൈക്കം: പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമാണം നടത്തുന്നതിന് ഗ്രാൻഡ് 2 ലക്ഷം രൂപ നൽകുന്നതിന് വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകൾ ഗുണഭോക്തൃ ലിസ്റ്റ് നൽകാത്തതിനെ തുടർന്ന് അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കാത്ത സ്ഥിതി. പട്ടികജാതി, വിഭാഗത്തിൽപ്പെട്ട 5 മുതൽ 12 വരെ ക്ലാസ്സുകളിൽ ഉള്ള കുട്ടികൾക്കാണ് പഠന ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ആനുകൂല്യം നൽകുന്നത്. 2025-26വർഷത്തെ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ ആവശ്യപ്പെട്ട് 3 മാസം പിന്നിട്ടിട്ടും പല പഞ്ചായത്തുകളും ലിസ്റ്റ് നൽകിയിട്ടില്ല. തലയാഴം ഗ്രാമ പഞ്ചായത്ത് മാത്രമാണ് സമയബന്ധിതമായി ലിസ്റ്റ് നൽകിയിരിക്കുന്നത്. ടി.വി പുരം പഞ്ചായത്തിൽ 12, 14 വാർഡുകളിലെ ഗുണഭോക്തൃ ലിസ്റ്റ് വാർഡ് മെമ്പർമാർ നൽകാത്തതിനെ തുടർന്നാണ് പഞ്ചായത്തിന് സമർപ്പിക്കാൻ കഴിയാതിരുന്നതെന്നാണ് അറിയുന്നത്. വെച്ചൂർ, ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകളും ഗുണഭോക്തൃ ലിസ്റ്റ് ഇതുവരെ സമർപ്പിച്ചിട്ടില്ല. മെയ് 29 ന് ലിസ്റ്റ് തരണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ നിന്നും ചെമ്പ് ഗ്രാമപഞ്ചായത്തിന് അറിയിപ്പ് നൽകിയെങ്കിലും സംവരണ സീറ്റിൽ നിന്നും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആയവർ പോലും ലിസ്റ്റ് നൽകാതിരുന്നത് സ്വന്തം വിഭാഗത്തിലെ കുട്ടികളോട് കാണിച്ച കടുത്ത അവഗണനയാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം ചമയം ശശി ആരോപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആകെ ഏഴ് പഞ്ചായത്തുകളാണ് ഉള്ളത്. സമയബന്ധിതമായി ലിസ്റ്റ് കിട്ടാത്തത് മൂലം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഈ മാസം 30 ന് സമയം അവസാനിക്കുന്നതിനാൽ പഞ്ചായത്തുകൾ ഗുണഭോക്തൃ ലിസ്റ്റ് സമർപ്പിച്ചാലും അത് നടപ്പാക്കി പൂർത്തീകരണത്തിലേക്ക് എത്തി ആനുകൂല്യം ലഭിക്കാൻ സാധ്യതയും ഏറെ കുറവാണ്.