🔴 BREAKING..

ഇന്ന് പിള്ളേരോണം.

ഇന്ന് പിള്ളേരോണം.

ഓര്‍മ്മകളുടെ കളിയൂഞ്ഞാലില്‍ ഓണത്തിന്റെ വരവറിയിച്ച്‌ ഇന്ന് പിള്ളേരോണം.
ചിങ്ങത്തിരുവോണത്തിന്‌ 27ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ്‌ പിള്ളേരോണം എത്തുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയിലാണ്‌ പിള്ളേരോണം എത്തുന്നത്‌. കര്‍ക്കിടകത്തിലെ തോരാമഴമാറി പത്തുനാള്‍ വെയിലുണ്ടാകുമെന്നാണ്‌ പഴമക്കാരുടെ പക്ഷം. ഈ പത്താം വെയിലിലാണ്‌ പിള്ളോരോണം എത്തുന്നത്‌. കര്‍ക്കടകത്തിന്റെ വറുതിയില്‍ തെല്ലൊരാശ്വാസമായാണ്‌ പണ്ടുള്ളവര്‍ പിള്ളേരോണം ആഘോഷിച്ചിരുന്നത്‌. ആധുനികതയുടെ കടന്നു കയറ്റത്തോടെ പിള്ളേരോണത്തിന്‌ മുന്‍പുണ്ടായിരുന്ന പ്രാധാന്യം നഷ്‌ടമായി. വാമനന്റെ ഓര്‍മ്മയ്ക്കായാണ്‌ വൈഷ്‌ണവര്‍ കര്‍ക്കിടകത്തില്‍ ഓണം ആഘോഷിച്ചിരുന്നത്‌. സാമൂതിരിയുടെ ഭരണകാലത്ത്‌ തിരുനാവായില്‍ മാമാങ്കം അരങ്ങേറിയിരുന്നത്‌ പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു.
മുമ്പൊക്കെ തിരുവോണം പോലെ തന്നെ പിള്ളോരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. രാമായണ ശീലുകളുടെ മഴത്തോര്‍ച്ചയില്‍ കോടിയുടുത്ത്‌ കുട്ടികള്‍ ഈ ഓണത്തെ വരവേറ്റിരുന്നു. പിള്ളേരോണത്തിന്‌ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പഴയ തറവാടുകളില്‍ കുട്ടികള്‍ ഏറെ ഉണ്ടായിരുന്നത്‌ പിള്ളേരോണത്തെ ഗംഭീരമാക്കിയിരുന്നു.
പിള്ളേരോണം ഇന്ന്‌ മലയാളികള്‍ക്ക്‌ ഏറെക്കുറെ അന്യമായിരിക്കുന്നു. പിള്ളേരോണമെന്നത്‌ കേരളീയര്‍ക്ക്‌ പറഞ്ഞ്‌ പരിചയപ്പെടുത്തേണ്ട ഒന്നാണ്‌. കളിയും ആര്‍പ്പുവിളികളും, സദ്യ ഉണ്ണലുമൊന്നുമില്ലാതെ വന്നുപോകുന്ന പിള്ളേരോണം ഇന്നത്തെ തലമുറയുടെ നഷ്‌ടമാണ്‌. അവര്‍ക്ക്‌ ഓണമെന്നത്‌ പോലും ഏതെങ്കിലും ഹോട്ടലിലോ, ഫ്‌ളാറ്റുകളുടെ നാലുചുവരുകളിലോ ഒതുങ്ങുന്ന, ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരു ദിവസം മാത്രമാണ്‌. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളാകുകയും ഓരോ വീടുകളിലും ഒന്നോ, രണ്ടോ കുട്ടികള്‍ മാത്രവുമായി ഇന്ന്‌ മാറി. അവര്‍ക്കായി എന്ത്‌ പിള്ളേരോണം ആഘോഷിക്കാന്‍. ഈ തലമുറയ്ക്ക്‌ പിള്ളേരോണം ഒരു കേട്ടുകേള്‍വി മാത്രമാണെങ്കില്‍ വരും തലമുറയ്ക്ക്‌ ഒരു മുത്തശ്ശിക്കഥയായി മാറിയേക്കാം.