|
Loading Weather...
Follow Us:
BREAKING

'ജീനി' ഗാനം: കല്യാണി പ്രിയദർശൻ ഡാൻസ് നമ്പറിൽ സോഷ്യൽ മീഡിയയിൽ 'ചേരിപ്പോര്'

'ജീനി' ഗാനം: കല്യാണി പ്രിയദർശൻ ഡാൻസ് നമ്പറിൽ സോഷ്യൽ മീഡിയയിൽ 'ചേരിപ്പോര്'

​സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം നടി കല്യാണി പ്രിയദർശൻ്റെ പ്രകടനമാണ്. ജയം രവി നായകനാകുന്ന തമിഴ് ചിത്രം 'ജീനി' യിലെ ആദ്യ ഗാനമായ 'അബ്ഡി അബ്ഡി' യിലൂടെയാണ് കല്യാണി ആരാധകരെ അമ്പരപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഡാൻസ് നമ്പർ കല്യാണിയുടെ കരിയറിലെ ഒരു 'അപ്രതീക്ഷിത ട്വിസ്റ്റ്' എന്നാണ് വിലയിരുത്തപ്പെടുന്നത്.

​ബെല്ലി ഡാൻസിൽ തിളങ്ങി കല്യാണി: 'ലോക' വിജയത്തിന് ശേഷമുള്ള ചുവടുമാറ്റം

​ഏറ്റവും ഒടുവിൽ ആഗോള ഹിറ്റായ 'ലോക: ചാപ്റ്റർ വൺ ചന്ദ്ര'യിൽ കണ്ടതിന് ശേഷം, കല്യാണിയുടെ അടുത്ത അപ്ഡേറ്റ് 'ജീനി'യിലെ ഗാനമാണ്. എ.ആർ. റഹ്‌മാൻ ഈണമിട്ട 'അബ്ഡി അബ്ഡി' എന്ന അറബിക് സ്റ്റൈലിലുള്ള ഗാനത്തിൽ ഗ്ലാമറസ് ലുക്കിലാണ് കല്യാണി എത്തിയത്. ബെല്ലി ഡാൻസ് ചുവടുകളുമായി താരം വലിയ ഊർജ്ജം പ്രകടിപ്പിച്ചു. രവി മോഹനും, യുവനടി കൃതി ഷെട്ടിയും ഗാനത്തിൽ കല്യാണിക്കൊപ്പമുണ്ട്.

​പ്രകടനത്തെ അഭിനന്ദിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയപ്പോൾ, ശക്തമായ വിമർശനങ്ങളുമായി മറ്റൊരു വിഭാഗവും എത്തി. 'ലോക'യുടെ വൻ വിജയത്തിന് ശേഷം ഐറ്റം ഡാൻസിന് കല്യാണി തയ്യാറായത് എന്തിന് എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്.

​പ്രായ താരതമ്യം മുതൽ 'അനാവശ്യ വേഷം' വരെ: വിമർശനങ്ങളുടെ പെരുമഴ

​കല്യാണിയേയും കൃതി ഷെട്ടിയേയും താരതമ്യം ചെയ്താണ് പല വിമർശനങ്ങളും. 32-കാരിയായ കല്യാണിക്ക് 22-കാരിയായ കൃതി ഷെട്ടിക്കൊപ്പം പിടിച്ചു നിൽക്കാനാവുന്നില്ലെന്നും, ഇത്തരം രംഗങ്ങൾ കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്തത് കൃതിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

​"കല്യാണി ഗ്ലാമർ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല," "ഇത്തരമൊരു മേക്കോവർ വേണ്ടായിരുന്നു," "ശരീരപ്രദർശനം ഒഴിവാക്കാമായിരുന്നു," "നിന്നെ കണ്ടത് അയലത്തെ വീട്ടിലെ അനിയത്തിയെപ്പോലെയാണ്. ആക്ഷൻ ഹീറോയായി കത്തിനിൽക്കുമ്പോൾ ഗ്ലാമർ വേഷം വേണമായിരുന്നോ?" - എന്നിങ്ങനെയുള്ള കമൻ്റുകൾ നിരവധിയാണ്.

ചില വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കടന്നു. 'ലേഡി സൂപ്പർസ്റ്റാറായി മാറി അന്യഭാഷകളിൽ അനാവശ്യവേഷങ്ങൾ ചെയ്യുന്നത് നിർത്തണം' എന്നും, '300 കോടി അടിക്കാൻ പോവുന്ന നായിക 100 കോടിയുടെ മാർക്കറ്റ് പോലുമില്ലാത്ത നടന്റെ കൂടെ ഐറ്റം ഡാൻസ് കളിക്കുന്നു' എന്നും അഭിപ്രായങ്ങളുണ്ടായി. സിനിമകളിൽ ഐറ്റം ഡാൻസുകളുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യുന്നവരും കുറവല്ല.

​വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെന്ന് കല്യാണി

​എന്നാൽ, ഒരു അഭിനേത്രി എന്ന നിലയിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള തൻ്റെ സന്നദ്ധതയെക്കുറിച്ചാണ് കല്യാണി പ്രതികരിച്ചത്.

​'അബ്ഡി അബ്ഡി' എന്ന ഗാനത്തെ സംവിധായകൻ ഭുവനേഷ് ചിത്രത്തിൻ്റെ കഥയുടെ ഭാഗമാക്കിയതിലെ മനോഹാരിത തന്നെ അത്ഭുതപ്പെടുത്തിയെന്ന് കല്യാണി എക്‌സിൽ കുറിച്ചു. "ഒരുപാട് കഠിനാധ്വാനം ചെയ്ത് പുതിയൊരു കാര്യം പരീക്ഷിച്ചു. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു," എന്നും താരം കൂട്ടിച്ചേർത്തു.

​അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന 'ജീനി' വെൽസ് ഫിലിംസ് ഇൻ്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മിക്കുന്നത്. കല്യാണി, കൃതി ഷെട്ടി എന്നിവർക്ക് പുറമെ വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.