|
Loading Weather...
Follow Us:
BREAKING

ജനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ: ബിനോയ് വിശ്വം

ജനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ: ബിനോയ് വിശ്വം
വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ നടന്ന സി.കെ. വിശ്വനാഥന്‍ അനുസ്മരണവും അവാര്‍ഡ്ദാന സമ്മേളനവും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയവര്‍ ജനങ്ങളാണ്. നേതാക്കന്‍മാരും കമ്മിറ്റികളുമല്ല. ആ ജനങ്ങളുടെ കല്‍പന അംഗീകരിക്കണം. അവര്‍ പറയുന്നു നിങ്ങള്‍ തിരുത്തണമെന്ന്. വിമര്‍ശനങ്ങളെ ക്ഷമയോടെ കേള്‍ക്കണം. ആവശ്യമായ തിരുത്തലുകള്‍ വരുത്താനും നമ്മള്‍ തയ്യാറാകമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കത്ത് സി.കെ. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എം.എല്‍.എയുമായിരുന്ന സി.കെ. വിശ്വനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം. ആരെയും അകറ്റിനിര്‍ത്താന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പാവപ്പെട്ടവന്റെ മക്കള്‍ക്ക് അക്ഷരം പഠിക്കാന്‍ അവകാശമില്ലെന്നു പറഞ്ഞ, ജാതിപറഞ്ഞു മാറ്റിനിര്‍ത്തിയ ഇണ്ടംതുരുത്തി മനയില്‍ ഇന്ന് പാവപ്പെട്ടവന്റെ ചെങ്കൊടി പാറിക്കളിക്കുന്നു. ഇത് ചരിത്രത്തിന്റെ പ്രതികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.കെ. വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് മുന്‍മന്ത്രി സി. ദിവാകരന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ നല്‍കുന്നു

കമ്മ്യൂണിസ്റ്റുകാരുടെ സര്‍വകലാശാല ജനങ്ങളും സമൂഹവുമാണ്. അവരില്‍നിന്നും നിരന്തരം പഠിക്കണം. സി.പി.ഐ ഇല്ലെങ്കില്‍ ഇന്‍ഡ്യയിലെ ഇടതുപക്ഷം വട്ടപ്പൂജ്യമാണെന്നും മുന്‍മന്ത്രിയും ട്രേഡ് യൂണിയന്‍ നേതാവുമായ സി. ദിവാകരന്‍. സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വയം വിമര്‍ശനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആത്മാവ്. നേതാക്കളുടെ നിഷ്‌ക്രിയത്വം പാര്‍ട്ടിയോട് ചെയ്യുന്ന വഞ്ചനയാണ്. കമ്മ്യൂണിസ്റ്റുകാര്‍ തമ്മിലുള്ള ബന്ധം സാങ്കേതികമല്ല, വൈകാരികമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ അത് നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ഓര്‍മിച്ചു. ജനാധിപത്യത്തിന്റെ പാതയിലാണ് ഇന്ന് ലോകം. ഗാന്ധിജിയെ ഇന്‍ഡ്യയുടെ മനസ്സില്‍നിന്നും മാറ്റാന്‍ ഒരു നരേന്ദ്രമോദിക്കും ആകില്ല. ശ്രീനാരായണ ഗുരു ഭാരതത്തിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വെളിച്ചമാണ്. അത് ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയണം. ഗുരുവിനെ കണ്ണാടിക്കൂട്ടില്‍ അടച്ച അനുയായികള്‍ മഹത്തായ ഗുരുതത്വങ്ങളെ തിരസ്‌കരിക്കുകയാണെന്നും സി. ദിവാകരന്‍ പറഞ്ഞു.
എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സി. ദിവാകരന് അവാര്‍ഡ് നല്‍കി. വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും വിജയിച്ച സി.പി.ഐ അംഗങ്ങളെ ബിനോയ് വിശ്വം ആദരിച്ചു. ഇണ്ടംതുരുത്തിമനയിലെ സി.കെ. വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍, അസി. സെക്രട്ടറി ജോണ്‍ വി. ജോസഫ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്‍, ആര്‍. സുശീലന്‍, സി.കെ. ആശ എം.എല്‍.എ, മുന്‍ എം.എല്‍.എ. കെ. അജിത്ത്, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി.ജി. തൃഗുണസെന്‍, കെ.ഡി. വിശ്വനാഥന്‍, പി.എസ്. പുഷ്‌കരന്‍, ജെയിംസ് തോമസ്, കേണല്‍ രാജീവ് മണ്ണാളി, ഡി. രഞ്ജിത്കുമാര്‍, ബി. രാജേന്ദ്രന്‍, പി.ആര്‍. ശശി, കെ.എ. രവീന്ദ്രന്‍ കെ.എ. കാസ്ട്രോ എന്നിവര്‍ പ്രസംഗിച്ചു.