|
Loading Weather...
Follow Us:
BREAKING

ജോയിന്റ് കൗണ്‍സില്‍ വളന്റിയര്‍ സേന പ്രഖ്യാപനവും മാര്‍ച്ചും 2ന് വൈക്കത്ത്

ജോയിന്റ് കൗണ്‍സില്‍ വളന്റിയര്‍ സേന പ്രഖ്യാപനവും മാര്‍ച്ചും  2ന് വൈക്കത്ത്

• പരിസ്ഥിതി സംരക്ഷണവും ദുരന്തനിവാരണവും ലക്ഷ്യം

• 1142 വളൻ്റിയർമാർ അണിനിരക്കും

• 1500 സന്നദ്ധ സേനാംഗങ്ങൾ ഒപ്പം

വൈക്കം: പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ റെഡ് (റെസ്ക്യൂ ആൻ്റ് എമർജൻസി ഡിവിഷൻ) എന്ന പേരില്‍ രൂപീകരിച്ച വളൻ്റിയർ സേനയുടെ പ്രഖ്യാപനവും ഉദ്ഘാടനവും ഗാന്ധിജയന്തി ദിനത്തില്‍ വൈക്കത്ത് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിക്കും. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ വൈക്കം ഇണ്ടംതുരുത്തി മനയില്‍ നിന്നും നവാേത്ഥാന സ്മൃതി വീഥിയിലൂടെ വളന്റിയര്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ പരിശീലനം ലഭിച്ച 1142 വളന്റിയര്‍മാര്‍ യൂണിഫോം ധരിച്ച് മാര്‍ച്ചില്‍ പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക് ഇണ്ടംതുരുത്തിമനയില്‍ ദുരന്തനിവാരണ ചുമതലയുള്ള റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ. രാജന്‍ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും. യൂണിഫോം ധരിക്കാതെ 1500 സര്‍ക്കാര്‍ ജീവനക്കാരായ സന്നദ്ധ പ്രവര്‍ത്തകരും മാര്‍ച്ചിനൊപ്പം സഞ്ചരിക്കും. വളന്റിയേഴ്‌സിന്റെ ബാഡ്ജ് വിതരണം സി.കെ. ആശ എം.എല്‍.എയും ദുരന്ത നിവാരണ വളന്റിയര്‍ സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേധാവിയും മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ശേഖര്‍ കുര്യാക്കോസും നല്‍കും. ദുരന്തനിവാരണ വളന്റിയര്‍ സേനാ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാര്‍ വിശദീകരിക്കും. ചെയര്‍മാന്‍ എസ്. സജീവ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും സര്‍വീസ് സംഘടനാ നേതാക്കളും വിവിധ തലങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികളും പങ്കെടുക്കും. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. ശശിധരന്‍, കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്‌കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം.ഡി.ബാബുരാജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം ജെ. ഹരിദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് എ.ഡി. അജീഷ്, സെക്രട്ടറി പി.എന്‍. ജയപ്രകാശ് എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ എസ്.പി.സുമോദ് നന്ദി പറയും.

ഏറ്റെടുക്കുന്നത് ചരിത്രപരമായ കടമ

കെ.പി. ഗോപകുമാര്‍ (ജനറല്‍ സെക്രട്ടറി, ജോയിന്റ് കൗൺസിൽ)

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നിരന്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് വിധേയമാകുന്ന സംസ്ഥാനമാണ് കേരളം. വയനാടും വിലങ്ങാടും ഏറ്റവും ഒടുവിലായി ഉണ്ടായ ദുരന്തഭൂമികളില്‍ ഏറ്റവും ആദ്യം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തിയവര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു. പരിശീലനം ലഭിച്ചിട്ടുള്ള ദുരന്തനിവാരണ സേന എത്തിച്ചേരുന്നതുവരെ ആദ്യം ഓടിയെത്താന്‍ നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ യാതൊരുവിധ പരിശീലനം ലഭിക്കാത്തവരും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമൊട്ടു മില്ലാത്തവരുമാണെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതൊരു ദുരന്തമേഖലയിലും ആദ്യമെത്തുന്നവരുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. ദുരന്തങ്ങള്‍ ഒഴിവാക്കാനാവില്ലായെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാനും ജീവ നഷ്ടം സംഭവിക്കാതെ പരമാവധി പേരെ രക്ഷിക്കാനും പരിശീലനം ലഭിച്ച ഒരു വളന്റിയര്‍ക്ക് കഴിയും. കോവിഡിന് ശേഷം കഴിഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് നമ്മെ ഭയപ്പെടുത്തുക മാത്രമല്ല എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തയുമുയര്‍ത്തുകയാണ്. റവന്യു അസംബ്‌ളിയില്‍ പങ്കെടുക്കവെ കുഴഞ്ഞുവീണു മരിച്ച വാഴൂര്‍ സോമന്‍ എം.എല്‍.എയും നിയമസഭയില്‍ ജീവനക്കാരുടെ ഓണഘോഷത്തിനിടയില്‍ കുഴഞ്ഞുവീണു മരിച്ച ജീവനക്കാരന്റേയും വിയോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പ്രഥമ ശുശ്രൂഷയുടെയും സി.പി.ആറിന്റേയും ആവശ്യകതയും പ്രാധാന്യത്തേയുമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെടാൻ മനസ്സ് മാത്രം പോര എന്ത് ചെയ്യണമെന്ന പരിജ്ഞാനവും ആവശ്യമാണ്. ഒരു വ്യക്തി, ഒരു ജീവനക്കാരന്‍, സംഘടനാ പ്രവര്‍ത്തകന്‍ ആപത്ഘട്ടങ്ങളില്‍ നിസ്സഹായനായി നില്‍ക്കാന്‍ പാടില്ലാത്തതാണ്. കണ്‍മുന്നില്‍ കുഴഞ്ഞുവീണോ അപകടത്തില്‍പെട്ടോ പ്രാണന് വേണ്ടിയൊരാള്‍ പിടയുന്നത് കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ നിസ്സഹായരായി പോകുന്നു. ഒരു നിമിഷം നമ്മള്‍ എന്ത് ചെയ്യണമെന്നറിയാതെ പതറിപോകും. ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടയില്‍ നഷ്ടമാകുന്ന സമയം എറെ വിലപ്പെട്ടതാണ്. ഒരു പ്രഥമ ശുശ്രൂഷ, സി.പി.ആര്‍. നല്‍കാനായാല്‍ നഷ്ടമാകാന്‍ സാധ്യതയുള്ള ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കാവും. രാത്രിയില്‍ ഉറ്റവരില്‍ ആരെങ്കിലും പ്രാണനു വേണ്ടി പിടഞ്ഞാൽ, ഓഫീസില്‍ തൊട്ടരികിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണാല്‍ കാഴ്ചക്കാരാവാതെ ഇടപെടാന്‍ മനസ്സുണ്ടെങ്കിലും പലപ്പോഴും പലരും നിസ്സഹായനായി മാറുന്നത് എന്തു ചെയ്യണമെന്നറിയാത്തത് കൊണ്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെയാണ് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം. പ്രഥമ ശുശ്രൂഷ നല്‍കാന്‍ അറിവുള്ള ഒരു വളന്റിയര്‍ ആവാന്‍ നമുക്ക് കഴിയണം. നിത്യജീവിതത്തില്‍, തൊഴിലിടങ്ങളില്‍ പൊതുവിടങ്ങളില്‍ ആപത്ഘട്ടങ്ങളിൽ എവിടെയും ഇടപെടാനുള്ള പരിജ്ഞാനവും പരിശീലനവും നല്‍കിയാണ് റെഡ് എന്ന സന്നദ്ധ സേന രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ആദ്യഘട്ടത്തില്‍ സേനയുടെ ഭാഗമാകുന്നത്. ഓരോ സര്‍ക്കാര്‍ ഓഫീസിലും പരിശീലനം ലഭിച്ച ഒരു ജീവനക്കാരന്റെ സാന്നിദ്ധ്യം കേരളത്തിന്റെ ഭാവി സുരക്ഷയ്‌ക്കൊരു കരുതലാകുമെന്നുറപ്പാണ്. ദുരന്തമുഖത്ത് ജീവന്‍ രക്ഷാപ്രവര്‍ത്തനം, ഡാറ്റാ കളക്ഷന്‍, മാറ്റി പാര്‍പ്പിക്കൽ, ക്യാമ്പ് നടത്തല്‍, എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍സ്, ക്രൗഡ് മാനേജ്‌മെന്റ്, ഫയര്‍ & റെസ്‌ക്യൂ ഓപ്പറേഷന്‍, ഫസ്റ്റ് എയ്ഡ് & സി.പി.ആര്‍. നല്‍കല്‍ എല്ലാം പ്രധാന്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്. അതിനായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സേവനതല്‍പ്പരരായവരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യമുള്ള സന്നദ്ധ സേനയ്ക്കാണ് പരിശീലനം നല്‍കി ജോയിന്റ് കൗണ്‍സില്‍ രൂപം കൊടുക്കുന്നത്. ഒരു യൂണിറ്റില്‍ നിന്നും രണ്ട് പേര്‍ വീതം വളന്റിയര്‍ സേനയുടെ ഭാഗമാകും. നഴ്‌സുമാര്‍, എഞ്ചിനിയര്‍മാര്‍ , റവന്യൂ ജീവനക്കാര്‍, റസ്‌ക്യൂ പരിശീലനം ലഭ്യമായ ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ജീവനക്കാര്‍, ഡാറ്റാ കളക്ഷന്‍ വിദഗ്ദ്ധര്‍, കമ്മ്യൂണിക്കേഷന്‍ പരിശീലനം ലഭിച്ച വിദഗ്ദ്ധര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരും വളന്റിയര്‍ സേനയുടെ ഭാഗമായിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ പരിസ്ഥിതി സംരക്ഷണത്തിലും ദുരന്തമുഖത്തും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്. സംഘടനയുടെ ആസ്ഥാന മന്ദിരത്തില്‍ തലസ്ഥാന നഗരത്തില്‍ ആരും വിശക്കാതിരിക്കാന്‍ നടപ്പിലാക്കി വരുന്ന സാന്ത്വനം - വിശക്കരുതാരും എന്ന പദ്ധതിയിലൂടെ എല്ലാ ദിവസവും സൗജന്യമായി ഉച്ചഭക്ഷണം നല്‍കി വരുന്നു. ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേര്‍ വിശപ്പടക്കാനായി ഭക്ഷണ പൊതി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയിലെ അവധി ദിവസം ജില്ലകളിലെ പ്രധാന പൊതുവിടം വൃത്തിയാക്കി സൂക്ഷിക്കാന്‍ ജീവനക്കാരുടെ സന്നദ്ധസേന ശുചീകരണ പ്രവര്‍ത്തനം നടത്തി വരുന്നു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ സംസ്ഥാന വ്യാപകമായി പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. വയനാട് ദുരന്തമുഖത്ത് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഇടപെടാന്‍ കഴിഞ്ഞു. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ 55 ലക്ഷം രൂപ സംഭാവനയായി നല്‍കിയതുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിനും കേരളത്തിന്റെ ഭാവി സുരക്ഷിതത്വത്തിനുമായി സംഘടിപ്പിച്ചു വരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന പരിശീലനം സിദ്ധിക്കുകയും ചെയ്തിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സന്നദ്ധസേന എന്ന ആശയം ഏറെ പുതുമയുള്ളതും ലോക ചരിത്രത്തിലാദ്യമെന്ന പ്രത്യേകതയും റെഡ് വളന്റിയര്‍ സേനയുടെ രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് ജോയിന്റ് കൗണ്‍സിൽ.

ജോയിൻ്റ് കൗൺസിൽ സന്നദ്ധസേന പ്രഖ്യാപനത്തിന് സഖാവിൻ്റെ നാടൊരുങ്ങി

എസ്.പി. സുമോദ് (ജനറൽ കൺവീനർ, സ്വാഗതസംഘം)

സർക്കാർ ജീവനക്കാരുടെ സംഘാടനാ പ്രവർത്തന രംഗത്ത് വ്യത്യസ്തമായ നിലപാടുകളോടെ സാമുഹ്യ പ്രതിബന്ധതയിൽ കൂടി ഊന്നി പ്രവർത്തിക്കുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ. തങ്ങളുടെ നിലപാട് ഒരിക്കൽ കൂടി ഉറച്ച് നിന്ന് ദുരന്ത നിവാരണ-ആപൽഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിൽ റെഡ് (റെസ്ക്യൂ ആൻ്റ് എമർജൻസി ഡിവിഷൻ) എന്ന സന്നദ്ധ സേന രൂപീകരിക്കുന്നു എന്നതും അതിൻ്റെ പ്രഖ്യാപനം വൈക്കത്ത് നടക്കുന്നു എന്നതും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലവും സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാടുമായ വൈക്കം ഈ സന്നദ്ധസേനയുടെ പ്രഖ്യാപനത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു. ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് ധന്യമായ വൈക്കം  ഇണ്ടംതുരുത്തി മനയിൽ നിന്നും ആരംഭിക്കുന്ന റെഡ് വളൻ്റിയേഴ്സ് മാർച്ചിനായി എത്തുന്ന എല്ലാ പ്രീയപ്പെട്ടവരെയും വൈക്കത്തിൻ്റെ ചുവന്ന മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.