കാൽ നൂറ്റാണ്ടിന്റെ നിറവിൽ കുമരകം നീർപക്ഷി സർവ്വേ
കോട്ടയം: കേരള വനം വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷൻ, കോട്ടയം നേച്ചർ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വേമ്പനാട് നീർ പക്ഷി സർവ്വേ കുമരകത്തും സമീപ പ്രദേശങ്ങളിലുമായാണ് നടന്നത്. രണ്ടായിരത്തിൽ തുടക്കം കുറിച്ച നീർപക്ഷി സർവേയിൽ 10 മേഖലകളിലാണ് സർവ്വേ നടത്തിയത്. പക്ഷിനിരീക്ഷകരുടെ പങ്കാളിത്തത്തോടെ കുമരകം പക്ഷി സങ്കേതം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്, തൊള്ളായിരം കായൽ, വേമ്പനാട്ടുകായൽ, പള്ളാത്തുരുത്തി, ഭൂതപ്പാണ്ടി കായൽ, കൈപ്പുഴമുട്ട്, കുമരകം പാടശേഖരം എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രാവിലെ ആറുമണി മുതൽ 10 മണി വരെ പക്ഷി നിരീക്ഷണവും വിവരശേഖരണവും നടത്തി. പക്ഷി സർവേയിൽ 50 ഇനങ്ങളിലായി 18600 നീർ പക്ഷികളെ നിരീക്ഷകർ കണ്ടെത്തി. തണ്ണീർത്തട പക്ഷികളും തണ്ണീർത്തട അനുബന്ധ പക്ഷികളും ചേർന്ന് ആകെ 111 ഇനങ്ങളിലായി 23000 എണ്ണം പക്ഷികളെ കണ്ടെത്തിയതായി സംഘാടകർ അറിയിച്ചു. കുമരകം പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ബെന്നി സർവ്വേ ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് അംഗം ബിനു, കോക്കനട്ട് ലഗൂൺ റിസോർട്ട് മാനേജർ ഹരികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പക്ഷി നിരീക്ഷണത്തിന് മുന്നോടിയായി കോട്ടയം നേച്ചർ സൊസൈറ്റിയിലെ അംഗവും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷകനുമായ ഡോ. പ്രശാന്ത് നാരായണൻ ക്ലാസ് നയിച്ചു. കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ഡോ. ശ്രീകുമാർ, മുതിർന്ന പക്ഷി നിരീക്ഷകരായ അനീഷ് ശശിദേവ്, ഹരികുമാർ മാന്നാർ, ഷിബി മോസസ്, അനിൽ കുമാർ വെമ്പള്ളി, ശ്രീദേവി മാധവൻ, ബിന്ദു കൃഷ്ണൻ, അജയ് നീലംപേരൂർ, നിതീഷ് കുമാർ, ടോണി, കുമരകം സെക്ഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരികുമാരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.ആർ. രജിത, വാച്ചർമാരായ അനിൽകുമാർ, ശ്രീജിത്ത്, ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പക്ഷി സർവേയിൽ ടി.ഡി.എം ഹൈസ്കൂളിലെയും എ.ബി.എം. യു.പി സ്കൂളിലെയും വിദ്യാർത്ഥികളും മുതിർന്ന പക്ഷി നിരീക്ഷകരോടൊപ്പം പങ്കെടുത്തു. വനംവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പക്ഷി നിരീക്ഷകർക്കും ഫല വൃക്ഷത്തൈ വിതരണം ചെയ്തു. കോട്ടയം സൊസൈറ്റി കഴിഞ്ഞ 25 വർഷമായി വനംവകുപ്പുമായി സഹകരിച്ച് നീർപക്ഷി സർവ്വേ സംഘടിപ്പിച്ചു വരുന്നുണ്ട്.