കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് നിന്നും ഇന്നലെ മുതൽ കാണാതായ 10-ാം ക്ലാസ് വിദ്യാർഥിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം വൈക്കപ്രയാർ ആതപ്പള്ളിയിൽ വീട്ടിൽ മനു, ദീപ ദമ്പതികളുടെ മകനും വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ കാർത്തിക്. എം. മനു (15) വിനെയാണ് തണ്ണീർമുക്കം ബണ്ട് ഭാഗത്ത് വേമ്പനാട്ട് കാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം അമ്മയ്ക്കും ചേട്ടനോടുമൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സ്കൂളിൽ പോകുന്നുവെന്നും പറഞ്ഞ് വെച്ചൂർ ശാസ്തക്കുളം ഭാഗത്തുള്ള അമ്മയുടെ കുടുംബവീട്ടിൽ നിന്ന് അമ്മയുടെ അനുജത്തിയോടൊപ്പം കാറിൽ വൈക്കം ദളവാക്കുളം ബസ്റ്റാൻഡിൽ വന്നിറങ്ങുകയും സ്കൂളിലേക്ക് പോകാതെ കാണാതാവുകയുമായിരുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകിട്ട് തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു. ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ആശങ്ക കുട്ടിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അച്ഛനും അമ്മയും കുറച്ച് കാലമായി പിണങ്ങിയിരുക്കുന്നതിനാൽ അമ്മയോടും ചേട്ടനോടും ഒപ്പമാണ് വിദ്യാർഥി താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ തണ്ണീർമുക്കം ബണ്ടിന് സമീപം കായലരികത്ത് വിദ്യാർഥിയുടെ സ്കൂൾ ബാഗും ചെരുപ്പും കണ്ടെത്തിയത്. സംശയത്തെ തുടർന്ന് ഫയർഫോഴ്സ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലിസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരൻ - മധു.