കായികമേഖലയിൽ സമഗ്ര വികസനം: വൈക്കത്ത് രണ്ടു സ്‌റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടനം നടത്തി

വൈക്കം: കായികമേഖലയിൽ സമഗ്ര വികസനം സാധ്യമാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. നാലരക്കോടി രൂപ മുടക്കി വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മടിയത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ ശിലാസ്ഥാപന കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ താഴേത്തട്ടുവരെ കായികപ്രവർത്തനങ്ങൾ എത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്നതിന് തെളിവാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ വിജയം.

സംസ്ഥാനത്തൊട്ടാകെ 369 സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയായതായും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇൻഡോർ സ്റ്റേഡിയങ്ങളും നിർമിക്കാൻ സാധിച്ചുവെന്നും ഇന്ത്യയിൽ ആദ്യമായി കോളജ് ലീഗും കായിക വികസനരേഖയും പുറത്തിറക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. 2024-25 സംസ്ഥാന ബജറ്റിൽ അനുവദിച്ച തുകയിലാണ് സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കളം നിർമിക്കുന്നത്. മടിയത്തറ സ്‌കൂളിൽ രണ്ടുകോടി രൂപയും തെക്കേനട സ്‌കൂളിൽ രണ്ടരക്കോടി രൂപയും ചെലവിട്ടാണ് കളിക്കളങ്ങൾ നിർമിക്കുന്നത്. രണ്ടിടത്തും ഫുട്‌ബോൾ, വോളിബോൾ കോർട്ടുകളാണ് നിർമിക്കുന്നത്. വോളിബോൾ കോർട്ടുകൾക്കു ഷീറ്റ് മേൽക്കൂരയുണ്ടാകും. ഇതിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സൗകര്യവും ഒരുക്കും. രണ്ടിടത്തും ശുചിമുറി ബ്ലോക്കും വസ്ത്രം മാറാനുള്ള മുറികളും ഒരുക്കും. 60 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലുമാണ് ഫുട്‌ബോൾ കോർട്ട് ഒരുക്കുന്നത്. ഫുട്‌ബോൾ ഗ്രൗണ്ടിന് ചുറ്റിലും എട്ടുമീറ്റർ ഉയരത്തിൽ വേലിയും ഒപ്പം നടപ്പാതയും ഉണ്ടാവും. ഒരു വശത്ത് ഡ്രൈനേജ് സംവിധാനവും ഒരുക്കും. ഔട്ട് ഡോർ വോളിബോൾ കോർട്ട് 25 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് നിർമിക്കുന്നത്. ഇരു സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലേഖ ശ്രീകുമാർ, നഗരസഭാംഗങ്ങളായ രാധിക ശ്യാം, ബി. രാജശേഖരൻ നായർ, തെക്കേനട സ്‌കൂൾ പ്രിൻസിപ്പൽ എഫ്. ജോൺ, ഹെഡ്മിസ്ട്രസ്സ് ടി. സിനിമോൾ, മടിയത്തറ സ്‌കൂൾ പ്രിൻസിപ്പൽ ജി. ജ്യോതിമോൾ, ഹെഡ്മിസ്ട്രസ്സ് ആർ. ശ്രീദേവി, കായികാധ്യാപകരായ പ്രിയ രാജ്, മിനി, തെക്കേനട സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് സജിത നന്ദകുമാർ, മടിയത്തറ സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് സി.ജി. വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.


