കെ.വി.കനാലിൽ മാലിന്യം നിറയും, ദുരിതവും...

വൈക്കം: അപ്പർകുട്ടനാടിന്റെ ജീവനാഡിയാണ്. പക്ഷേ കോട്ടയം-വൈക്കം കനാലെന്ന കെ.വി കനാൽ ഇപ്പോഴത്തെ ചിത്രം ആരുടെയും മനംമടുപ്പിക്കും. നാടിന്റെ നെല്ലറകളിൽ മലിനജലം നിറയ്ക്കുകയാണ് കെ.വി.കനാൽ. കാർഷിക മേഖലയിലെ പ്രതിസന്ധിക്കൊപ്പം സാധാരണ ജനജീവിതവും ദുരിത പൂർണ്ണമാകുന്നു.
കിലോമീറ്ററുകൾ നീളം വരുന്ന കനാലിന്റെ വലിയാനപ്പുഴ മുതൽ വേമ്പനാട്ടുകായൽ വരെയുള്ള ഭാഗം ഏതാണ്ട് പൂർണമായും നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. വൈക്കത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളേയും നെൽകൃഷിയേയും പ്രളയക്കെടുതികളിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് രാജഭരണകാലത്ത് കെ.വി.കനാലിന്റെ തുടർച്ചയായി കരിയാറിൽ നിന്ന് കായലിലേക്ക് വൈക്കം നഗരത്തിലൂടെ കനാൽ നിർമ്മിച്ചത്. കനാലിന്റെ തീരങ്ങളിൽ ധാരാളം തണൽ മരങ്ങളും നട്ടുപിടിപ്പിച്ചിരുന്നു. കാലപ്പഴക്കത്തിൽ ജീർണ്ണിച്ച് കനാലിലേക്ക് മറിഞ്ഞുവീഴുന്ന വൃക്ഷങ്ങൾ പൂർണമായും നീക്കം ചെയ്യാറില്ല. ഇവയിൽ മറ്റ് മാലിന്യങ്ങളും കൂടി അടിഞ്ഞുകൂടിയതോടെ നീരൊഴുക്ക് ഏതാണ്ട് പൂർണമായും നിലച്ചനിലയാണ്.
മേഖലയിൽ നെൽകൃഷി പ്രതിസന്ധിയിൽ
കെ.വി കനാലിൽ നീരൊഴുക്ക് ഇല്ലാതായതോടെ കല്ലറ, ഉദയനാപുരം, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ 10000 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷി പ്രതിസന്ധിയിലായി. പാടശേഖരങ്ങളിൽ നിന്ന് പമ്പ് ചെയ്ത് കളയുന്ന മലിനജലം ഒഴുകിപ്പോകാത്തതിനാൽ അത് തന്നെ വീണ്ടും പാടങ്ങളിലേക്ക് കയറ്റി വിടേണ്ട സ്ഥിതിയാണ്. ഇത് നെൽകൃഷിയെ സാരമായി ബാധിച്ചു.
കിഴക്കുനിന്നെത്തുന്ന പെയ്ത്തുവെള്ളം ഒഴുകിപോകാനും സാഹചര്യമില്ല. ഇതോടെ കല്ലറ, മുണ്ടാർ, വടയാർ മേഖലകളിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. കെ.വി കനാലിൽ മലിനമായത് പ്രദേശത്ത് രോഗസാധ്യത ഇരട്ടിയാക്കി. തോടുകളിൽ മാലിന്യം അടിഞ്ഞത് മത്സ്യതൊഴിലാളികൾക്കും താറാവ് കർഷകർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കെ.വി.കനാലിൽ നീരൊഴുക്കില്ലാത്തത് ഒരു നാടിനെയാകെയാണ് ബാധിക്കുന്നത്. കനാലിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് അധികൃതരുടെ ശ്രദ്ധ പതിയണം.