കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ യജ്ഞം: വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്ര ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു
വൈക്കം: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞ വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച രാവിലെ പുറപ്പെട്ടു. വൈക്കം ക്ഷേത്രം ശ്രീകോവില്‍ നിന്നും പകര്‍ന്നെടുത്ത ദീപം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി രഥ ഘോഷയാത്രയുടെ ദേവീവിഗ്രഹത്തിന് മുന്നിലെ നിലവിളക്കിലേക്ക് പകർന്നതോടെ വിഗ്രഹ പ്രയാണ രഥ ഘോഷയാത്ര ആരംഭിച്ചു. നിരവധി ക്ഷേത്രസങ്കേതങ്ങളില്‍ രഥഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി. വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, ക്ഷേത്രം ഭാരവാഹികളായ പി.കെ. ധനേശന്‍, ടി.കെ. അനില്‍ ബാബു, പി.വി. പ്രേമചന്ദ്രന്‍, കെ.വി. കമലാസനന്‍, പി.ജെ. സജിമോന്‍, പി.സി. വാവകുഞ്ഞ്, മുരുകന്‍ പെരക്കന്‍, ഷാജി അമ്പഴത്തുങ്കല്‍, ടി.കെ. സജീവ്, കെ.എം. നിഷ എന്നിവര്‍ നേതൃത്ത്വം നല്‍കി.