കണ്ടെയ്‌നർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ തൽക്ഷണം മരിച്ചു
വൈക്കം: കണ്ടെയ്‌നർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ തൽക്ഷണം മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ പ്രമോദ് സുഗുണൻ്റെ ഭാര്യ ആശ പ്രമോദ്(50) ആണ് മരിച്ചത്. വൈകിട്ട് 2.30ന് വൈക്കം തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പെട്രോൾ പമ്പിന് സമീപമാണ് അപകടം. പ്രമോദും ആശയും ബൈക്കിൽ വൈക്കം ഭാഗത്തേക്ക് വരികയായിരുന്നു. പിന്നിൽ നിന്നും എത്തിയ കണ്ടെയ്‌നർ ലോറി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുൻവശം ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും ആശ കണ്ടെയ്നർ ലോറിയുടെ അടിയിലേക്കും വീണു. ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു. ഏകദേശം 50 മീറ്ററോളം മുന്നോട്ട് വലിച്ചിഴച്ചു. അപകടത്തിൽ കൈക്കും കാലിനും പരുക്കേറ്റ പ്രമോദിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരുനൽവേലിയിൽ നിന്നും സോളാർ പാനലുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ആർ. നാരായണൻ്റെ കൊച്ചുമകനാണ് പ്രമോദ്. മക്കൾ അഞ്ജന പ്രമോദ്, ആദർശ് പ്രമോദ്. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു