കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

വൈക്കം: കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപം ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് പിടിയിൽ. കറുപ്പന്തറ മണ്ണാറപ്പാറയ്ക്ക് സമീപം സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ ആസാം സ്വദേശി അഷദുൾ ഇസ്ലാം ( 29 ) ആണ് കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇയാളുടെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് അമറുൾ ഇസ്ലാം ആണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായ യുവാവ് എക്സൈസിനോട് പറഞ്ഞു. പിടിയിലായ യുവാവ് നാളുകളായി പ്രദേശത്ത് കഞ്ചാവ് വില്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച വൈകിട്ട് റെയിൽവേ ഗേറ്റിന് സമീപം നിന്ന യുവാവ് ഒറീസ - കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കടന്ന് പോയപ്പോൾ ട്രെയിനിൻ്റെ വാതിലിൽ നിന്നും സ്റ്റേഷൻ പരിസരത്തേക്ക് എറിഞ്ഞ് കിട്ടിയ ബാഗുമായി പോകുന്നതിനിടെ എക്സൈസിൻ്റെ പിടിയിലായത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു 1.100 കിലോഗ്രാം കഞ്ചാവ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ അമീറുൾ എക്സ്പ്രസ് ട്രെയിനിന് ഇവിടെ സ്റ്റോപ്പില്ലത്തതിനാൽ പിടികൂടാനായില്ല.