|
Loading Weather...
Follow Us:
BREAKING

കോപ്പുതൂക്കി: ഇനി സന്ധ്യവേലകൾ

കോപ്പുതൂക്കി: ഇനി സന്ധ്യവേലകൾ
വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതുക്കൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ. ശ്രീധരശർമ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര കലവറയിൽ നടന്നപ്പോൾ

വൈക്കം: ആചാരനിറവിൽ സന്ധ്യവേലക്ക് കോപ്പുതൂക്കി. വൈക്കം മഹാദേവർക്ക് ഇനി ഉത്സവദിനങ്ങൾ. വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയുടെ കോപ്പുതൂക്കൽ നടന്നു. ആചാരപ്രകാരം ക്ഷേത്ര കലവറയിൽ ദീപം തെളിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത്. വൈക്കത്തഷ്ടമിയ്ക്കും അഷ്ടമിയുടെ സന്ധ്യവേലകൾക്കും മുന്നോടിയായായി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി  കമ്മിഷണർ എൻ. ശ്രീധരശർമ്മ ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി  അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഇൻ ചാർജ് രാഹുൽ രാധാകൃഷ്ണനെ എൽപ്പിച്ചു. പ്രതീകാത്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിച്ചു. ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനെ ചുമതലപ്പെടുത്തുന്നതാണ് ആചാരം. ചടങ്ങിൽ ദേവസ്വം ഉദ്യോഗസ്ഥരും ഭക്തജനങ്ങളും  പങ്കെടുത്തു.

പുള്ളി സന്ധ്യവേല 27 ന് ആരംഭിക്കും. 

പുള്ളി സന്ധ്യവേല ഒക്ടോബർ 27 ന് ആരംഭിക്കും. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി എഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ. രാവിലെ 8 ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ  അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും. ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല. തിരുവിതാംകൂർ മഹാരാജാവ് ചേർത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്ത് പിടിച്ചടക്കിയപ്പോൾ അതിൽ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശ്ശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷം തോറും ഒന്നിടവിട്ട നാല് ദിവസങ്ങളിലായി തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് നേരിട്ട് നടത്തിയിരുന്ന ചടങ്ങാണിത്. രാജഭരണം അവസാനിച്ചപ്പോൾ ചടങ്ങിൻ്റെ നടത്തിപ്പ് ചുമതല ദേവസ്വം ബോർഡ് ഏറ്റെടുത്തു. അഷ്ടമിയോടനുബന്ധിച്ച് മറ്റൊരു സന്ധ്യവേലയായ മുഖ സന്ധ്യവേല നവംബർ 4 മുതൽ 7 വരെ തുടർച്ചയായി നാല് ദിവസങ്ങളിൽ നടക്കും. സമൂഹ സന്ധ്യവേലകൾ 26 ന് തുടങ്ങും. 26ന് വൈക്കം സമൂഹം 28 ന് തെലുങ്ക് സമൂഹം 29 ന് തമിഴ് വിശ്വബ്രഹ്മ സമാജം 30 ന് വടയാർ സമൂഹം എന്നിങ്ങനെയാണ് സമൂഹ സന്ധ്യവേലകൾ നടക്കുക. ഡിസംബർ 1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ് അഷ്ടമി കൊടിയേറ്റ്.