വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
വൈക്കം: വൈക്കം വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ് ഹിയറിംഗ് നാളെ തുടങ്ങുന്നു. വൈക്കം വെച്ചൂർ റോഡ് മൂന്നാമത് റീച്ചിൽ ഉൾപ്പെട്ടിട്ടുള്ള ഇടയാഴം ഹെൽത്ത് സെൻ്റർ മുതൽ ബണ്ട് റോഡുവരെ ഉള്ളവരുടെ ഹിയറിംഗാണ് നാളെ മുതൽ പത്താം തീയതി വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ കിഫ്ബിയുടെ ഓഫീസിൽ വെച്ച് നടത്തുന്നത്. അറിയിപ്പ് ലഭിച്ചിട്ടുള്ളവർ ഹാജരാകുമ്പോൾ ഹിയറിംഗ് നോട്ടീസിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുമായി പറഞ്ഞിരിക്കുന്ന സമയത്തും അതേ തീയതിയിലും എത്തണമെന്നു കിഫ്ബി കോട്ടയം സ്പെഷ്യൽ തഹസിൽദാർ ആർ. രാജേഷ് അറിയിച്ചു. കക്ഷികളുടെ സൗകര്യാർത്ഥം വേഗത്തിൽ നടപടികൾ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരെ അഞ്ചു ടീമുകളായി തിരിച്ച് രാവിലെ പതിനൊന്നുമണി മുതൽ വൈകിട്ട് നാലുമണി വരെ ഹിയറിംഗ് നടത്തും.

ഹിയറിംഗിനായി എത്തുന്നവർ കൊണ്ടു വരേണ്ട രേഖകൾ
അസ്സൽ ആധാരം ഒരു കോപ്പി സഹിതം (ആധാരം ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ബാങ്കിൽ നിന്നുള്ള കത്ത്, ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ ആധാരപകർപ്പ്, നാളിതു വരെയുള്ള ബാധ്യത തുക സംബന്ധിച്ച ബാങ്കിൻ്റെ കത്ത്), മുന്നാധാരം (പകർപ്പു സഹിതം),
ബാധ്യത സർട്ടിഫിക്കറ്റ് 15 വർഷങ്ങളിലേത് (പകർപ്പു സഹിതം), പൊസഷൻ& നോൺ അറ്റാച്ചുമെൻ്റു സർട്ടിഫിക്കറ്റ് (പകർപ്പു സഹിതം), തന്നാണ്ടിൽ കരം അടച്ച രസീത് 2025-2026 ഉം 2026-2027 ൽ കരം
അടച്ച രസീത് (പകർപ്പ് സഹിതം),
കെട്ടിടം ഉണ്ടെങ്കിൽ തന്നാണ്ടിൽ കെട്ടിടനികുതി അടച്ചരസീത് (പകർപ്പ് സഹിതം), വസ്തു ഉടമയുടെ ബാങ്ക് പാസ്സ്ബുക്കിൻ്റെ അസ്സലും പകർപ്പും (വിലാസം, അക്കൗണ്ട് നമ്പർ, ഐ.എഫ്.സി കോഡ് എന്നിവ ഉൾപ്പെടുന്ന പേജിൻ്റെ), തണ്ടപ്പേർ കക്ഷി മരണപ്പെട്ടിട്ടുണ്ടെങ്കിൽ തഹസിൽദാരിൽ നിന്നുള്ള അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പിൻ തുടർച്ചാ അവകാശ നിയമം വഴി പോക്കുവരവു ചെയ്ത് കരമടച്ച തന്നാണ്ട് രസീത്.
ആധാർ കാർഡ് (പകർപ്പ് സഹിതം),
പാൻകാർഡ് (പകർപ്പ് സഹിതം),
വസ്തു ഉടമ ഹിയറിംഗിന് ഹാജരാകുന്നതിന് മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുന്നുണ്ടെങ്കിൽ
ഹാജരാകുന്ന കക്ഷിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഒന്ന്, രണ്ട് റീച്ചുകളിൽ ഇനിയും രേഖകൾ ഹാജരാക്കാനുള്ളവർ എത്രയും വേഗം രേഖകൾ ഹാജരാക്കേണമെന്നും സ്പെഷ്യൽ തഹസിർദാർ അറിയിച്ചു. വൈക്കം വെച്ചൂർ റോഡ് തോട്ടകത്തു നിന്നും തുടങ്ങി കൈപ്പുഴ മുട്ടിൽ അവസാനിക്കും. ഇതിനായി 964 പേരുടെ വസ്തുവകകളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഇതിനായി സർക്കാർ എൺപത്തിയഞ്ചു കോടി എഴുപത്തി ഏഴു ലക്ഷത്തി അറുപത്തിമൂവായിരത്തി മൂന്നൂറ്റി അൻപത്തി ഒമ്പതു രൂപ വകയിരുത്തിയിട്ടുണ്ട് (85,77,63,359 രൂപ). ഇതുവരെ ഏറ്റെടുത്ത ഭൂമി കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിട്ടുണ്ട്. തോട്ടകം മുതൽ ഇടയാഴം വരെയുള്ള ഹിയറിംഗ് കഴിഞ്ഞിട്ടുണ്ട്. രേഖകൾ ഹാജരാക്കിയവർക്ക് പണം നൽകി. രേഖകൾ ഹാജരാക്കാനുള്ളവരുടേയും തർക്കമുള്ള കേസുകളുടേയും തുക കോടതിയിൽ കെട്ടി വയ്ച്ചിട്ടുണ്ട്. ഇരുവരെ 37 കോടിയോളം രൂപ ഒന്ന് രണ്ട് റീച്ചിലെ കക്ഷികൾക്കും കോടതിയിലുമായി നൽകിയിട്ടുണ്ട്.
Comments ()