മാധവ് ഗാഡ്ഗിലിൽ ഇനി ഓർമ്മയിൽ
എസ്. സതീഷ് കുമാർ
പൂനെ: പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്കിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. 24 മെയ് 1942ൽ പൂനെയിലായിരുന്നു ജനനം. പശ്ചിമഘട്ട ജൈവ വിദഗ്ദ്ധ സമിതിയുടെ തലവനായിരുന്നു ഡോ. മാധവ് ഗാഡ്‌ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നതാണ് മാധവ് ഗാഡ്ഗിലിൻ്റെ ആത്മകഥ. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. അച്ഛൻ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിൽ. അമ്മ പ്രമീള. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് നേടി.ഹാർവാഡിൽ അദ്ദേഹം ഒരു ഐ.ബി.എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച്ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.
1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരിക്കുമ്പോൾ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തിൽ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണ പ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്.
ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സർക്കാരിതര സംഘടനകളുമായും കർഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു. പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. തദ്ദേശവാസികളുടെ അറിവുകൾ ആധുനികമായ അറിവുകളുമായി കോർത്തിണക്കി പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കണമെന്നായിരുന്നു ഗാഡ്ഗിലിൻ്റെ പക്ഷം. നാട്ടുജൈവ വൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്‌ഗിൽ സജീവമായി ഇടപെട്ടിരുന്നു. സ്കൂളുകളിലെ പാരിസ്ഥിതിക വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ വിയോഗം.