മറവൻതുരുത്ത് ഐ.എച്ച്.ഡി.പി നഗറിൽ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾ നാടിന് സമർപ്പിച്ചു
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഐ.എച്ച്.ഡി.പി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നാടിന് സമർപ്പിച്ചു. അംബേദ്കർ ഗ്രാമവികസനം പോലുള്ള പദ്ധതികൾ നടപ്പാക്കി സമൂഹത്തിൻ്റെ താഴെത്തട്ടു വരെ വികസനം എത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്നും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ഇക്കാലയളവിൽ 750 കോടി രൂപ ചെലവിട്ടുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മറവൻതുരുത്ത് ഐ.എച്ച്.ഡി.പി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി, വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സീമ ബിനു, ബിന്ദു പ്രദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.