മുറതെറ്റാതെ ആചാരങ്ങൾ: അഷ്ടമി കുലവാഴപുറപ്പാട് 30ന്
അമർജ്യോതി
വൈക്കം: തലമുറകൾ കൈമാറിവരുന്ന ആചാരങ്ങൾ മുറതെറ്റാതെ പാലിച്ച് സംയുക്ത എൻ.എസ്.എസ് കരയോഗങ്ങൾ കുലവാഴ പുറപ്പാട് നടത്തും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിൻ്റെ ഭാഗമായ കുലവാഴ പുറപ്പാട് ടൗണിലെ ആറ് എൻ.എസ്.എസ് കരയോഗങ്ങൾ ചേർന്നാണ് നടത്തുക. താലൂക്ക് യൂണിയൻ മേൽനോട്ടം വഹിക്കും. രാജഭരണ കാലം മുതൽ തുടർന്നു വരുന്ന ആചാരമാണിത്. രാജഭരണ കാലത്ത് നായർ സുദായാംഗങ്ങളായിരുന്നു പടയാളികൾ. അവരാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ പലതും നടത്തിയിരുന്നത്. പിന്നീട് എൻ.എസ്.എസ് രൂപീകൃതമായതിന് ശേഷം കരയോഗങ്ങൾ ഇത് ഏറ്റെടുത്തു എന്ന് പറയപ്പെടുന്നു. 30 ന് വൈകിട്ട് 4 ന് ആറാട്ടുകുളങ്ങര ക്ഷീരവൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാടിന് 1573-ാം നമ്പർ കിഴക്കുംചേരി നടുവിലെമുറി കരയോഗമാണ് ആഥിഥേയത്വം വഹിക്കുന്നത്. താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയാകും. 1820-ാം നമ്പർ പടിഞ്ഞാറ്റും ചേരി തെക്കെമുറി, 1878-ാം നമ്പർ കിഴക്കും ചേരി വടക്കെമുറി, 1573-ാം നമ്പർ കിഴക്കും ചേരി നടുവിലേമുറി, 1603-ാം നമ്പർ കിഴക്കും ചേരി തെക്കെമുറി, 1880 നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേ മുറി, 1634-ാം നമ്പർ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെമുറി എന്നീ കരയോഗങ്ങൾ ചേർന്നാണ് കുലവാഴ പുറപ്പാട് നടത്തുക. കുലവാഴ പുറപ്പാട് മുരിയൻ കുളങ്ങര, ദളവാക്കുളം, കിഴക്കേ നട, പടിഞ്ഞാറെ നട വഴി വടക്കേ ഗോപുരനടയിൽ എത്തും. വൈകിട്ട് 6.30 ന് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിലേക്ക് ആനയിക്കും. കുലവാഴകളും കരിക്കിൻ കുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിക്കും. അഷ്ടമി ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ അഹസും കലാപരിപാടികളും ഉണ്ടാകും. കരയോഗം ഭാരവാഹികളായ ബി. അനിൽകുമാർ, രാജേന്ദ്ര ദേവ്, കെ.ജി രാജലക്ഷ്മി, ശ്രീകുമാരി .യു നായർ, എസ്. മധു , പി.എൻ. രാധാകൃഷ്ണൻ, കെ.പി. രവികുമാർ, എസ്. ഹരിദാസൻ നായർ, ശിവരാമകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നല്കും. ഡിസംബർ 1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ് അഷ്ടമി കൊടിയേറ്റ്.