🔴 BREAKING..

നേരേകടവ് - മാക്കേകടവ് പാലം; 60 ശതമാനം നിർമാണ ജോലികൾ പൂർത്തിയായി

നേരേകടവ് - മാക്കേകടവ് പാലം; 60 ശതമാനം നിർമാണ ജോലികൾ പൂർത്തിയായി
നിർമാണം പുരോഗമിക്കുന്ന നേരേകടവ് - മാക്കേകടവ് പാലം

വൈക്കം: ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിനു കുറുകെയുള്ള നേരേകടവ് - മാക്കേകടവ് പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. 800 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 450 മീറ്റർ നിർമാണം പൂർണമായും പൂർത്തിയായി കഴിഞ്ഞതായി സി.കെ ആശ എം.എൽ.എ അറിയിച്ചു. ആകെയുള്ള പ്രവൃത്തിയുടെ 80 ശതമാനം നിർമാണ പുരോഗതിയും നിലവിൽ പൂർത്തീകരിച്ചു കഴിഞ്ഞു. 80 ഗർഡറുകളിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേകടവിൽ നിർമിച്ച ശേഷമാണ് കായലിനു കുറുകെ സ്ഥാപിക്കുന്നത്. നാലു ഗർഡറുകൾ ചേരുന്ന 22 സ്പാനുകളിൽ 15 എണ്ണം സ്ഥാപിച്ചു. ഇതിൽ 13ാം സ്പാനിന്റെ കോൺക്രീറ്റിങ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. നേരേകടവ് ഭാഗത്ത് 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനും സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്.
ഗർഡറുകൾ പൂർണമായി നിർമിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേകടവിൽ അപ്രോച്ച് റോഡിന്റെ നിർമാണനടപടികൾ തുടങ്ങുകയുള്ളു. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേകടവിലെ യാഡിൽ പുരോഗമിക്കുകയാണ്. 2026 ആദ്യത്തിൽ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. തുടർച്ചയായി പെയ്യുന്ന മഴ നിർമാണത്തെ ബാധിക്കുന്നുണ്ട്. ഇതുമൂലം മുൻകൂട്ടി നിശ്ചയിക്കുന്ന കോൺക്രീറ്റ് ജോലികളും നീണ്ടുപോകുന്നുണ്ട്.
11.23 മീറ്റർ വീതിയിൽ 97.65 കോടി രൂപ ചെലവഴിച്ചു സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നേരേകടവ്-മാക്കേകടവ് പാലം നിർമിക്കുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചത്. പ്രതീക്ഷിച്ചതിലും വേഗതയിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും ആരംഭിച്ച് തൈക്കാട്ടുശേരി, മാക്കേകടവ്, കോട്ടയം ജില്ലയിലെ ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി വഴി പമ്പയിൽ എത്തിച്ചേരുന്ന തുറവൂർ പമ്പ സംസ്ഥാന പാതയിലെ രണ്ടാമത്തെ പാലമാണ് നേരേകടവ് - മാക്കേകടവ് പാലം. നിർമാണത്തിന്റെ ആദ്യഘട്ടത്തിലുള്ള തുറവൂർ പാലം നിർമാണം 2015ൽ പൂർത്തിയാക്കിയിരുന്നു. നേരേകടവ് മാക്കേകടവ് പാലം കൂടി പൂർത്തിയാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്നും വൈക്കം വഴി തീർത്ഥാടകർക്ക് പമ്പയിലേക്ക് വളരെ വേഗത്തിൽ എത്താൻ സാധിക്കും.