|
Loading Weather...
Follow Us:
BREAKING

നേരേകടവ്-മാക്കേകടവ് പാലം കര തൊട്ടു

നേരേകടവ്-മാക്കേകടവ് പാലം കര തൊട്ടു
നിർമ്മാണം പൂർത്തിയായി വരുന്ന നേരേ കടവ് - മാക്കേകടവ് പാലം

എസ്. സതീഷ്കുമാർ

വൈക്കം: നാട് കാത്തിരുന്ന് കാത്തിരുന്ന് പഴി പറഞ്ഞ് മടുത്ത നേരെ കടവ് - മാക്കേ കടവ് പാലം അവസാനം കരതൊട്ടു.
വേമ്പനാട്ടുകായലിന് കുറുകെ നിർമ്മിക്കുന്ന നേരേകടവ് - മാക്കേകടവ് പാലമാണ് നേരേകടവിൽ കര പറ്റിയത്. കായലും കരയും ചേരുന്ന ഭാഗത്തെ സ്പാനിനൊപ്പം കരയിലെ ലാൻഡ് സ്പാനിൻ്റെ നിർമാണത്തിനായി ഗർഡർ സ്ഥാപിച്ചതോടെയാണ് പാലം കരയെത്തിയത്. ഈ മാസം തന്നെ ലാൻ്റിംഗ് സ്പാനിൻ്റെ വാർക്കലും നടന്നേക്കും.മാക്കേക്കടവ് ഭാഗത്ത് പാലത്തിന്റെ കൈവരികളുടെ ജോലികളും തകൃതിയാണ്.

0:00
/1:24

80 ഗർഡറുകൾ ഉള്ള പാലം നിർമ്മാണം ഇടക്ക് മുടങ്ങിയതിനെതുടർന്ന് പൂര്‍ത്തിയാക്കുന്നതിനായി 42 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. സമീപന റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമടക്കമാണ് ഈ തുക അനുവദിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലം എന്ന നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. 2008ല്‍ 76 കോടി രൂപ അനുവദിച്ച് ആരംഭിച്ച പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍, അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയതോടെയാണ് മുടങ്ങിയത്. സ്ഥലമുടമകള്‍ക്ക് തുക നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കരാര്‍ കാലാവധി കഴിഞ്ഞു. പിന്നീട് 2016 ലാണ് പാലം നിര്‍മാണത്തിന് ജീവന്‍ വെച്ചത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം വീണ്ടു മുടങ്ങിയിരുന്നു. 2021 ഡിസംബറില്‍ നിര്‍മാണം വിലക്കിയ ഉത്തരവുകള്‍ ഹൈക്കോടതി നീക്കയപ്പോൾ നിര്‍മാണം തുടങ്ങാൻ എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യേണ്ടി വന്നു. എറണാകുളം ഗോശ്രീ പാലം നിര്‍മിച്ച കമ്പനിയാണ് പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015 ലാണ് പൂര്‍ത്തിയായത്. വേമ്പനാട്ടുകായലിനു കുറുകെയുള്ള മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയും ഉണ്ടാകും. വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഈ പാലം.