🔴 BREAKING..

നഗരസഭയ്‌ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: ചെയർപേഴ്സൺ

നഗരസഭയ്‌ക്കെതിരായ   ആരോപണങ്ങൾ അടിസ്ഥാനരഹിതം: ചെയർപേഴ്സൺ
വൈക്കം നഗരസഭ

വൈക്കം: കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണസമിതിയെ എൽ.ഡി.എഫും ബി.ജെ.പിയും പല തവണ അട്ടിമറിയിലൂടെ മറിച്ചിടാൻ ശ്രമിച്ചിട്ടും നടക്കാതിരുന്നത് എല്ലാ വാർഡുകളിലും പദ്ധതി തുകകൾ കൃത്യമായി വിതരണം ചെയ്തതു കൊണ്ടാണെന്നും കഴിഞ്ഞ ദിവസം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്ര സമ്മേളനത്തിൽ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പത്ര സമ്മേളനത്തിൽ അറിയിച്ചു. ബീച്ചിലെ പുല്ലു വെട്ട്, മിനി എം.സി.എഫ്, കട്ടിൽ വിതരണം, ശൗചാലയങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ കോടികളുടെ അഴിമതി നടത്തി എന്നാണ് സിന്ധു സജീവൻ പത്രസമ്മേളനത്തിൽ ഉന്നയിച്ചത്. എന്നാൽ ഈ നാലു പ്രോജക്ടുകൾക്കും കൂടി ആകെ നഗരസഭ ഇതുവരെ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ മാത്രമാണെന്ന് പ്രീതാ രാജേഷ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷം വ്യക്തമായ ഭൂരിപക്ഷമില്ലാ  തിരുന്നിട്ടും യു.ഡി.എഫ് കൗൺസിൽ സംസ്ഥാനസർക്കാരിൻ്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും എൽ.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷിക പരിപാടിയിലെ സഹകരണത്തിന് സംസ്ഥാന സർക്കാരിൻ്റെയും തമിഴ്നാട് സർക്കാരിൻ്റെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നഗരസഭയെ മനപൂർവ്വം മോശമാക്കുന്നതിനു വേണ്ടിയാണ് എൽ.ഡി.എഫും ബി.ജെ.പിയും ചേർന്ന് സിന്ധു സജീവൻ്റെ പത്രസമ്മേളനത്തിലൂടെ ആക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.

0:00
/1:01

നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ്

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധു സജീവൻ തുടക്കം മുതൽ നടത്തിയ തെങ്ങിൻ തൈ വിതരണത്തിലും, ആടുവളർത്തൽ പദ്ധതിയുടെ പേരിലും, കോഴിക്കൂട് പദ്ധതിയുടെ പേരിലും അതിനിശിതമായ വിമർശനങ്ങൾ നടത്തിയവരാണ് എൽ.ഡി.എഫും, ബി.ജെ.പിയും എന്നുള്ളതാണ് വസ്തുത. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം മഴക്കാലപൂർവ്വ ശുചീകരണത്തിനായി നഗരസഭ അനുവദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ 7810 രൂപ സ്വന്തം വാർഡിൽ നടത്തിയ പണിയ്ക്ക് മകൻ്റെ പേരിൽ എഴുതി എടുത്തു എന്നുള്ളതാണ്. ആരോപണം കൗൺസിലിൽ ഉയർന്നതിനെത്തുടർന്ന് ക്ലീൻ സിറ്റി മാനേജരോട് ചെയർപേഴ്സൺ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയിൽ വ്യക്തിപരമായി ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നു തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പി.ടി. സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.

0:00
/0:52

വൈസ് ചെയർമാൻ പി.ടി. സുഭാഷ്

അടിസ്ഥാനരഹിതമായ ആരോപണം - ബി.ജെ.പി.

നഗരസഭാ  കൗൺസിലർ സിന്ധു സജീവൻ നടത്തിയ പത്ര സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി നേതാക്കൾ പറഞ്ഞു. സിന്ധുവും, മുൻ ചെയ്യർപേഴ്സനും കൂടി നഗരസഭയിലെ സി.സി.ടി.വി. നന്നാക്കാൻ എന്ന പേരിൽ പണം പിരിച്ചത് തെ ളിവ് ബി.ജെ.പി. വിജിലൻസിൽ പരാതി കൊടുത്തതും കോഴിയും കൂടും, ജമ്‌നാപ്യാരി എന്ന പേരിൽ കൊടുത്ത നാടൻ ആടിലെ അഴിമതി തുടങ്ങി ഇപ്പോൾ തൊട്ടുവക്കത്ത് പണിത വെയ്റ്റിംഗ് ഷെഡ് എന്നിവയിലെ അടക്കം  അഴിമതി വിളിച്ചു പറഞ്ഞത് ബി.ജെ.പിയാണ്. കരാർ പോലുമില്ലാതെ, ഫയൽ പോലും ഇല്ലാതെ ഇടത് കൗൺസിലറുടെ അനന്തരവന് തുമ്പൂർ മുഴി പ്രൊജക്റ്റിന്റെ ബില്ല് മാറിയത് കോൺഗ്രസ്‌ ആണ്. അതിന് പ്രത്യുപകാരം ആണ് കോൺഗ്രസ്‌ നടത്തിയ ശ്മശാനം മെയിൻറ്നൻസ്, ബീച്ചിലെ പുല്ലുവെട്ട് എന്നിവയിൽ എൽ.ഡി.എഫ് പിന്തുണയോടെ ബില്ല് മാറിയത്. ഈ വിഷയങ്ങളിൽ അഴിമതി ഊന്നി പറഞ്ഞു വിയോജനം രേഖപെടുത്തി വിജിലൻസ് അന്വേഷണത്തിന് പരാതി നൽകിയത് ബി.ജെ.പി അംഗങ്ങൾ ആണ്. നഗരസഭയിലെ 4 സ്റ്റാൻഡിങ് കമ്മിറ്റികൾ ഭരിക്കുന്നത് കോൺഗ്രസും, 2 എണ്ണം ഇടതും ആണെന്നത് ഉപയോഗപ്പെടുത്തി ബി.ജെ.പി അംഗങ്ങളെ ഒഴിവാക്കി സ്റ്റിയറിങ്ങ് കമ്മിറ്റി വിളിച്ചു അതിന്റെ മറവിൽ ആണ് ജംഗാർ അഴിമതി അടക്കം നടത്തിയത്. ഈ കമ്മിറ്റികളിൽ എല്ലാം സിന്ധുവും അംഗം ആണ്. നഗരസഭയിൽ നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സ് സെക്രട്ടറി മുൻകൂർ അനുമതി കൊടുത്ത് ബില്ല് മാറിയതിലും, അഷ്ടമിയുടെ പേരിൽ മാലിന്യ സംസ്കരണത്തിൽ മുൻ‌കൂർ അനുമതിയോടെ ലക്ഷങ്ങൾ അഴിമതി നടത്തിയത് യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ്. ഈ അഴിമതികൾ എതിർത്ത് വിയോജനം നൽകി അന്വേഷണം ആവശ്യപെട്ടത് ബി.ജെ.പി. മാത്രമാണ് ബി.ജെ.പി. കൗൺസിൽ അംഗത്തിന്റ ഭാര്യക്ക് അനധികൃത നീയമനം എന്ന് പറയുന്നതും അടിസ്ഥാനമില്ലാത്തതാണ്.  നഗരസഭയിൽ ഐ.ബി.പി.എസ്. സ്റ്റാഫ് ആയി ജോലി ചെയ്തു വന്നിരുന്ന പെൺകുട്ടിയെ ബി.ജെ.പി. കൗൺസിൽ അംഗം വിവാഹം ചെയ്യുകയും, വിവാഹ ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ പെൺകുട്ടി ജോലി അവസാനിപ്പിക്കുകയും ആണ് ഉണ്ടായതെന്നും ബി.ജെ.പി പാർലമെൻ്ററി പാർട്ടി യോഗം വ്യക്തമാക്കി. കൗൺസിലർമാരായ എം.കെ. മഹേഷ്‌, ലേഖ അശോകൻ, മോഹനകുമാരി, കെ.ബി. ഗിരിജകുമാരി, ബി.ജെ.പി. നോർത്ത് മുനിസിപ്പൽ പ്രസിഡന്റ്‌ പി. ശിവരാമകൃഷ്ണൻ, സൗത്ത് മുനിസിപ്പൽ പ്രസിഡന്റ്‌ സുധീഷ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു.