ഞൗണിക്ക! കാണാനുണ്ടൊ ഈ ജീവിയെ
എസ്. സതീഷ്കുമാർ
വൈക്കം: നമ്മുടെ നാട്ടിൽ അതിൻ്റെ ആവാസ വ്യവസ്ഥയിൽ അപ്രത്യക്ഷമായ ഒരു ജീവിയാണ് ഞൗണിക്ക.
ചില പ്രദേശങ്ങളിൽ നത്തങ്ങ തുടങ്ങി മറ്റ് ചില പേരുകളും പറയും ഈ വാട്ടർ സ്നെയിലിനെ. വെള്ളം കുറഞ്ഞ തോട്ടിലും നെൽ വയലുകളിലും ഓടിക്കളിച്ചു വളർന്നവർക്ക്, ചിലർക്കെങ്കിലും, പോയ് മറഞ്ഞ ബാല്യത്തൻ്റെ സ്മൃതികളിൽ ഇവനുണ്ടാകും. അന്ന് കൗതുകത്തോടെ നോക്കി നിന്നിട്ടില്ലേ? ചെറുശംഖ് വെള്ളത്തിൽ ഒഴുകി നീങ്ങുന്ന കൗതുകം. പെറുക്കി കൂട്ടി വയ്ക്കും. വീട്ടിൽ കൊണ്ടുവന്ന് പാത്രത്തിൽ വെള്ളം നിറച്ച് അതിലിടും. പിന്നെയെപ്പോഴെങ്കിലും പാത്രം തിരഞ്ഞു വരുന്ന അമ്മ അതിനെയെടുത്ത് വെള്ളത്തോടെ തൊടിയിലെ കൈത്തോട്ടിലേക്ക് എറിയും. ഡിജിറ്റൽ മീഡിയ സ്ക്രീനുകളിൽ ബാല്യവും കൗമാരവും നഷ്ടമാകുന്ന പുതു തലമുറയുടെ നഷ്ടങ്ങളിൽ ഒന്നാണ് പാടവരമ്പുകളും ഞൗണിക്കയുമെല്ലാം.
നാട്ടിൻപുറങ്ങളിൽ പോലും
അപൂർവ്വ കാഴ്ചയായി മാറിയിരിക്കുകയാണ് ഞൗണിക്ക. പച്ചപ്പ് നിറഞ്ഞ പാടത്തെ വെള്ളത്തിലും ചെളിയിലും ചെറുതോടുകളിലും ഒരു കാലത്ത് ജീവിച്ചിരുന്ന ഞൗണിക്ക ഇപ്പോൾ വിസ്മൃതിയാലാവുകയാണ്.
ഷെല്ലോടുകൂടിയ ഒച്ച് വർഗ്ഗത്തിൽപ്പെട്ടതാണ് ഞൗണിക്കയും. ജീവിത ചുറ്റുപാടിലെ ചെടികളുടെ വേരിനോട് ചേർന്നാണ് മുട്ടയിടുക. പശയുള്ള ഒരു വലയത്തിൽ നിരവധി മുട്ടകൾ ചെടികളുടെ വേരുകളിൽ പറ്റിപ്പിടിച്ച് നിൽക്കും. ഇത് വിരിയുന്നതോടെ കുഞ്ഞു ഞൗണിക്കക്കൂട്ടം പുറത്തിറങ്ങും . ഞൗണിക്കയുടെ ആവാസകേന്ദ്രങ്ങളായ പച്ചപ്പിൻ്റെ കുളിരേകിയിരുന്ന നമ്മുടെ ചതുപ്പ് കേന്ദ്രങ്ങളായ വയലേലകളും കുറഞ്ഞു. ഉള്ളിടത്താകട്ടെ രാസവസ്തു കൃഷിയിൽ ഒഴിവാക്കാനാവാതെ വന്നതോടെ ഇവയുടെ ആവാസ വൃവസ്ഥയും തകർന്നു. അങ്ങനെ ഞൗണിക്ക നമ്മുടെ കാഴ്ചയിൽ നിന്നും മറഞ്ഞ് തുടങ്ങി. എങ്കിലും ചെളിനിഞ്ഞ തോടുകളിലും ചതുപ്പിലും ചിലയിടങ്ങളിൽ നാമമാത്രമായി ഇവ അവശേഷിക്കുന്നുണ്ട്. കൃഷിയും പച്ചപ്പും നിറഞ്ഞ നാട് കോൺക്രീറ്റ് സൗധങ്ങൾക്ക് വഴി മാറുമ്പോൾ വംശനാശം നേരിടുകയാണ് അവിടിവടെ ഇടക്ക് കാണാനാവുന്ന ഈ ഞൗണിക്കയും. ഞൗണിക്കയുടെ തോടിനുള്ളിലെ മാംസം ഔഷധ ഗുണമുള്ള ഭക്ഷ്യവസ്തുവെന്നും പറയപ്പെടുന്നുണ്ട്. ആവാസ വ്യവസ്ഥ ഒരുക്കി കൃഷി നടത്തി മാംസം വിൽപന നടത്തുന്ന കേന്ദ്രങ്ങളിൽ ഒഴികെ തനത് ആവാസ വ്യവസ്ഥയിൽ നിന്ന് ഇപ്പോൾ ഞൗണിക്കയും മറയുകയാണ്.