ഓളപ്പരപ്പിൽ ചരിത്രം കുറിച്ച് കാശിനാഥ്
എസ്. സതീഷ്കുമാർ
വൈക്കം: ഇരുകൈകളും ബന്ധിച്ച് കായൽ നീന്തിക്കടന്ന് 12 വയസുകാരൻ. വൈക്കം വേമ്പനാട്ട് കായലിലാണ് പത്ത് കിലോമീറ്റർ ഏഴാം ക്ലാസുകാരൻ നീന്തി കയറിയത്. പല്ലാരിമംഗലം പ്രണവം വീട്ടിൽ രാജീവ്, പ്രസീജ ദമ്പതികളുടെ മകനാണ് കാശിനാഥ്. ചേർത്തല കൂമ്പേൽകരി കടവിൽ നിന്നായിരുന്നു നീന്തലിന് തുടക്കം. ബന്ധിച്ച കൈകളുമായി പത്ത് കിലോമീറ്റർ നീന്തി വൈക്കം കായലോര ബീച്ചിൽ നിന്തിക്കയറിയ കാശിനാഥിനെ നാട്ടുകാർ വരവേറ്റു. രാവിലെ 7.25 ന് തുടങ്ങി രണ്ട് മണിക്കൂർ 21 മിനിറ്റിൽ കാശിനാഥ് കരതൊട്ടു. സാഹസിക നീന്തലിൽ കുട്ടികളെയടക്കം പരിശീലിപ്പിക്കുന്ന കോതമംഗലം അക്വാട്ടിക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പനായിരുന്നു കാശിനാഥിൻ്റെ നീന്തലിൻ്റെയും അണിയറയിൽ. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലായിരുന്നു പരിശീലനം. പോത്താനിക്കാട് സെന്റ് സേവ്യഴ്സ് പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കാശിനാഥ്.
കോച്ച് ബിജു തങ്കപ്പൻ്റെ നേതൃത്വത്തിൽ നടത്തുന്ന 32-ാമത്തെ സാഹസിക നീന്തലായിരുന്നു വൈക്കത്ത് നടന്നത്.
വൈക്കം ബീച്ചിൽ നടന്ന അനുമോദന യോഗം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ.പി. അൻസിൽ, നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ, വാർഡ് കൗൺസിലർ റെജിമോൾ പ്രദീപ്, നാടക കലാകാരൻ പ്രദീപ് മാളവിക, വൈക്കം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, ജെ.ആർ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർ അബ്ദുൽ കലാം ആസാദ്, തുടങ്ങിയവർ പങ്കെടുത്തു