|
Loading Weather...
Follow Us:
BREAKING

ഓർമ്മകളിൽ സഖാവ്

ഓർമ്മകളിൽ സഖാവ്

എസ്. സതീഷ്കുമാർ

വൈക്കം: മുന്നിൽ നടന്നു പോയൊരാൾ തിരിഞ്ഞൊന്നു കൈവീശി, തൊട്ടടുത്ത തിരിവിൽ മറഞ്ഞു. അതുപോലെ നിനച്ചിരിക്കാതെയായിരുന്നു ബിജു പോയത്. ഉറ്റവരിലും ഉടയവരിലും വല്ലാത്തൊരു നടുക്കം അവശേഷിപ്പിച്ച് ഒരൊറ്റ പോക്ക്.
അപ്രതീക്ഷിതമായി യാത്ര പറഞ്ഞ് ആർ. ബിജു കാഴ്ചയിൽ നിന്ന് മറഞ്ഞിട്ട് ഒരാണ്ട് തികഞ്ഞു ഇന്നലെ. തോളിൽ തൂക്കിയ കാലൻകുടയുമായി ആശാനേ ... എന്നു വിളിച്ച് നിറചിരിയുമായി ആത്മസുഹൃത്തുക്കൾക്കൊപ്പം പടിഞ്ഞാറേ നടയുടെ സായന്തനങ്ങളിൽ ആർ. ബിജു ഇല്ല എന്നത് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. സൗഹൃദ സദസുകളിലും കുടുംബസദസുകളിലും ഒരേപോലെ നിറഞ്ഞു നിന്നിരുന്ന സ്നേഹസമ്പന്നമായ വ്യക്തിത്വം.

0:00
/0:43

ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ സമരമുഖങ്ങളിൽ അഗ്നിയായി പടർന്നു കയറിയ പോരാളി. വൈക്കത്തിന് ബിജു ഒരു ഇടത് രാഷ്ട്രീയക്കാരൻ മാത്രമായിരുന്നൊ. അല്ല എന്ന് തന്നെയാണ് ബിജുവിൻ്റെ ആദ്യ ഓർമ്മ ദിനം കുറിച്ചിട്ടത്. ചരമവാർഷികമായ ഇന്നലെ ഡിസംബർ 29 ന് വൈക്കത്ത് ആർ. ബിജു അനുസ്മരണം നടന്നു. ബിജുവിൻ്റെ ഇഷ്ടനേതാവ് പന്ന്യൻ രവീന്ദ്രൻ തന്നെയാണ് ആ അനുസ്മരണം ശ്രദ്ധേയമാക്കിയതും. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ബിജുവിൻ്റെ സ്മരണയുമായി രാഷ്ട്രീയക്കാർ മാത്രമല്ല ഇന്നലെ എത്തിയത്.
യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃത്വത്തിലേക്ക് എത്തിയ ബിജു സമരമുഖങ്ങളിൽ വാക്കുകളിൽ മാത്രമുള്ള നേതാവായില്ല. അടികൊള്ളാനും ജയിലിൽ പോകാനും അണികൾക്കൊപ്പമായിരുന്നു ബിജു.

സമരങ്ങളും സമരരീതികളും ശ്രദ്ധേയമാക്കാനും അതിലൂടെ വിഷയം ജനമനസിലെത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ച് പ്രവർത്തിച്ചു. ആവേശമായി പ്രസംഗിച്ചും ഒപ്പം കാര്യങ്ങൾ വ്യക്തതയോടെ താത്വികമായല്ലാതെ സംവേദിച്ചുമായിരുന്നു ബിജു രാഷ്ട്രീയം പറഞ്ഞത്. രാഷ്ട്രീയത്തിനൊപ്പം ചെറിയ ജോലിയുമായി ജീവിതം തുടങ്ങിയപ്പോഴും, അല്ല ജീവിതം തുടങ്ങി കഴിഞ്ഞ് ആ ജോലി തുടങ്ങിയപ്പോഴും, അതിനിടെ ആരോഗ്യ കാര്യങ്ങളിലും അല്പം ശ്രദ്ധയോടെ പോകുന്നതിനിടെയായിരുന്നല്ലൊ ആ ദിനം... 2024 ഡിസംബർ 29 നമ്മെ കരയിപ്പിച്ച് കടന്ന് പോയത്. ബിജു, അതെ വൈക്കമെന്ന ചരിത്രഭൂവിൽ ഉറങ്ങട്ടെ. തൻ്റെ രാഷ്ട്രീയത്തിനൊപ്പം താൻ ഒപ്പം ചേർത്ത ഒരു കുഞ്ഞിൻ്റെ, നൈനികയുടെ വളരുന്നതും വളർച്ചയും കണ്ട്... ലാൽസലാം സഖാവേ