പി.എം. മാത്യു - മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്
പി.ജി.എം. നായർ കാരിക്കോട്
കടുത്തുരുത്തി: കടുത്തുരുത്തിയുടെ മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം. മാത്യു രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ വേറിട്ട മുഖമാണ്. തികഞ്ഞ മനുഷ്യസ്നേഹിയും ലാഭേച്ഛ കൂടാതെ ആരെയും സഹായിക്കുവാൻ സദാ സന്നദ്ധനുമായിരുന്ന അദ്ദേഹം സാമൂഹിക രാഷ്ടീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണ ഗണങ്ങളുടെ ഉടമയായിരുന്നു. സഹാനുഭൂതിയോടും അനുകമ്പയോടും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അനിതര സാധാരണമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പൊതുപ്രവർത്തകനെന്ന നിലയിൽ എല്ലാ രാഷ്ടീയ പാർട്ടികളും സാമുദായിക സാംസ്ക്കാരിക പ്രസ്ഥാനങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന പി.എം. മാത്യു തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ടീയ പ്രവർത്തനങ്ങളിലൂടെ ഉയർന്ന് വന്ന അദ്ദേഹം ഏതൊരു കാര്യവും ആത്മാർത്ഥവും സത്യസന്ധവുമായി നിർവ്വഹിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിയമസഭാംഗമെന്ന നിലയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച് നിയമസഭയിൽ അവതരിപ്പിച്ചിരുന്ന സമർത്ഥനായ പാർലമെൻ്റേറിയനായിരുന്നു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ കന്നി പ്രസംഗത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത പൊന്നിൻ കുടത്തിന് പൊട്ട് എന്നായിരുന്നു. മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സഹകാരിയെന്ന നിലയിൽ നിരവധിയായ നേതൃസ്ഥാനം വഹിച്ചിരുന്നു. കടുത്തുരുത്തിയുടെ വികസന രംഗത്ത് അദ്ദേഹത്തിൻ്റെതായ ഒട്ടേറെ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്. നിരവധിയായ സംഭവങ്ങൾ ഓർമ്മയിൽ മിന്നി മറയുന്നു. ഒരു കാര്യം പ്രത്യേകം പരാമർശിക്കേണ്ടതാണ്, നിയമസഭ പെറ്റീഷൻസ് കമ്മറ്റി (ഹർജികൾ സംബന്ധിച്ച സമിതി) യുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ കോടതികളിൽ നിന്നും പോലും നീതി ലഭിക്കാതെ പോയ ഒട്ടേറെ കേസുകൾ തീർപ്പു കൽപ്പിക്കുക വഴി അനേകം സാധാരണക്കാർക്ക് ആശ്വാസം പകരുവാൻ അദ്ദേഹത്തിന് സാധിച്ചു. ചിരസ്മരണീയമായ ചിന്തകളും പ്രവർത്തനങ്ങളും നടത്തി വിടവാങ്ങുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകൾ അടുത്തറിഞ്ഞ മുഴുവൻ ആളുകളുടെയും മനസ്സിൽ ജീവിതാവസാനം വരെ പച്ച പിടിച്ച് നിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന് സ്നേഹാദരങ്ങളോടെ വിട!
പി.ജി.എം. നായർ കാരിക്കോട് പ്രസിഡൻ്റ് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ. (നാല് പതിറ്റാണ്ട് അദ്ദേഹത്തോട് ഏറ്റവും അടുത്ത നിലയിൽ പ്രവർത്തിക്കുകയും എം.എൽ.എ ആയിരുന്ന അവസരത്തിൽ പൂർണ്ണ സമയം ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ലേഖകൻ)