പീതസാഗരമായി തലയോലപ്പറമ്പ്

തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവൻ്റെ 171-ാമത് തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്.എൻ.ഡി.പി. യൂണിയന്റെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വർണ്ണാഭമായ തിരുജയന്തി ഘോഷയാത്ര തലയോലപ്പറമ്പ് പട്ടണത്തെ മഞ്ഞക്കടലാക്കി. തലപ്പാറ ഗുരുദേവ പ്രാർത്ഥനാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് മുത്തുക്കുടകളും വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും മിഴിവേകി. വിവിധ ശാഖകളിൽ നിന്നെത്തിയ ആയിരക്കണക്കിന് ശ്രീനാരായണീയർ പീത പതാകയുമേന്തി ഘോഷയാത്രയിൽ അണിനിരന്നു. വർണ്ണശബളമായ ഘോഷയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്ര പള്ളിക്കവല, പഞ്ചായത്ത് ജംഗ്ഷഷൻ, സെൻട്രൽ ജംഗ്ഷൻ ചുറ്റി തലയോലപ്പറമ്പ് കെ.ആർ. ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ഗുരു ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ സ്വാഗതം പറഞ്ഞു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാൽ, മുദ്ര കൾച്ചർ സെൻ്റർ പ്രസിഡന്റ് കെ.എസ്. വിനോദ്, യു.എസ്. പ്രസന്നൻ, ബിജു രാഘവൻ, ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻ കുട്ടി, ധന്യ പുരുഷോത്തമൻ, ഷിബു മലയിൽ, വത്സ മോഹനൻ, അമ്പിളി ബിജു, സിമി ബിനോയി, രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

