രാജ്യം ഭരിക്കുന്നവർ ഗാന്ധിജിയെ നിറയൊഴിച്ച് കൊന്ന ആശയത്തിന്റെ പിൻ മുറക്കാർ: ബിനോയ് വിശ്വം

വൈക്കം: സാമൂഹിക സേവനത്തിനും സുരക്ഷയ്ക്കും സേവന സന്നദ്ധതയോടെ സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ഗാന്ധി ജയന്തി ദിനത്തിൽ സന്നദ്ധസേനയ്ക്ക് തുടക്കമിടുമ്പോൾ ഗാന്ധി വധത്തിന്റെ ആശയം പിൻപറ്റുന്ന സംഘടനയുടെ പേരിൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയാണ് മോദി ഭരണകൂടം ഭരണഘടനയേയും രാജ്യത്തേയും അപമാനിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ റെഡ് (റെസ്ക്യൂ ആൻ്റ് എമർജൻസി ഡിവിഷൻ) എന്ന പേരില്‍ രൂപീകരിച്ച വളൻ്റിയർ സേനയുടെ പ്രഖ്യാപനവും ഉദ്ഘാടനവും ഗാന്ധിജയന്തി ദിനത്തില്‍ വൈക്കത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വിവേചനത്തിന്റെ പേരിൽ മഹാത്മാവിനെ ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തിയ ഇണ്ടംതുരുത്തി മന ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി മാറിയതിലൂടെ മനുഷ്യൻ പക വീട്ടിയ കഥ വീണ്ടും ഓർമ്മിപ്പിക്കുന്നു. അപരനോടുള്ള വിദ്വേഷം ആയുധമേന്തിയുള്ള പരേഡ് നടത്തുമ്പോഴാണ് മനുഷ്യരേയും പ്രകൃതിയേയും ചേർത്ത് നിർത്താൻ ജോയിന്റ് കൗൺസിൽ റെഡ് എന്ന സന്നദ്ധ സേനക്ക് തുടക്കമിടുന്നതെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പരിശീലനം സിദ്ധിച്ച, പതിനാല് ജില്ലകളിൽ നിന്നായി 1148 വളന്റിയർമാരുടെ പ്രഖ്യാപനമാണ് വൈക്കത്ത് നടന്നത്.

വൈക്കം വലിയ കവലയിൽ നിന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച വളന്റിയർ മാർച്ച് വൈക്കം ബീച്ച് മൈതാനിയിൽ സമാപിച്ചു. വളന്റിയർ സേനയുടെ സല്യൂട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചു. ജെട്ടി മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു. ബസ് യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച ബ്ളോക് പഞ്ചായത്തംഗം സുജാത മധുവിനെ ബിനോയ് വിശ്വം ആദരിച്ചു. വളന്റിയർ സേനയ്ക്കുള്ള ബാഡ്ജ് വിതരണം സി.കെ ആശ എം.എൽ.എ. നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ ദുരന്ത നിവാരണ സന്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് നൽകി. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്കുമാർ, സ്വാഗത സംഘം ചെയർമാൻ എം.ഡി. ബാബുരാജ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹരിദാസ് ഇറവങ്കര, ജോയിന്റ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എ.ഡി. അജീഷ്, ജില്ലാ സെക്രട്ടറി പി.എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ എസ്.പി. സുമോദ് നന്ദിയും പറഞ്ഞു.