വൈക്കത്തൊരു വിദേശി വിസ്മയം: വീട്ടുമുറ്റത്ത് ചുവപ്പണിഞ്ഞ് 'റെഡ് ജേഡ് വൈൻ'
എസ്. സതീഷ്കുമാർ
വൈക്കം: ഇത് ചുവന്ന മന്ദാരം വള്ളി അഥവാ റെഡ് ജേഡ് വൈൻ (Red Jade Vine) എന്ന പൂക്കളാണ്. പപ്പിലിയോണേസി (Fabaceae) കുടുംബത്തിൽപ്പെടുന്ന ഒരു വലിയ വള്ളിച്ചെടി വിരിയിക്കുന്ന പൂക്കാഴ്ച. ഇത് വൈക്കം വടക്കേനട കാലാക്കൽ സമുദായതറ ഉഷ ജനാർദ്ദനൻ്റെ വീട്ടിലെ കാഴ്ചയാണ്. മൂന്ന് വർഷം മുമ്പ് നട്ടതാണ്. തിരുവനന്തപുരത്തുനിന്ന് ഓൺലൈനിൽ വാങ്ങി ഉഷ വളർത്തിയതാണ്.
ഇത് രണ്ടാം തവണയാണ് കടുത്ത ചുവപ്പ് വർണ്ണ പൂക്കുലകളുമായി ഈ വിദേശി ഈ വീട്ടുമുറ്റത്ത് കാഴ്ചയാവുന്നത്. വീടിൻ്റെ മുന്നിലെ ഈ പൂ പന്തലിലെ പൂക്കൾക്കടിയിലുടെ വേണം ഉഷയുടെ വീടിൻ്റെ പടി കയറാൻ. ചുവന്ന നിറത്തിലുള്ള പൂക്കൾ കുലകളായി താഴേക്ക് വിരിയിക്കുന്നതാണ് ഈ വള്ളി ചെടി. ഒരു പൂക്കുലയ്ക്ക് 50 സെൻ്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ നീളം വരാം. സാധാരണയായി വസന്തകാലം മുതൽ മഴക്കാലം വരെയാണ് പൂവിടുന്നത്.

എന്നാൽ അനുയോജ്യമായ കാലാവസ്ഥയിൽ മറ്റു സമയങ്ങളിലും പൂവിട്ടേക്കാം. അലങ്കാരസസ്യമായി വീടുകളിലും ഉദ്യാനങ്ങളിലും വളർത്താറുണ്ട് ഈ വിദേശിയെ. ഉഷയുടെ വീട്ടിൽ മഴക്കാലത്താണ് രണ്ടുതവണയായി പൂവിടുന്നത്. നല്ല സൂര്യപ്രകാശമോ ഭാഗിക തണലോ ലഭിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത മണ്ണിലാണ് ഇതിൻ്റെ വളർച്ച. കയറിപ്പടരാൻ ശക്തമായ പന്തൽ വേണം. കമ്പ് നട്ടും വിത്ത് പാകിയും വളർത്താം.
Comments ()