രോഗി ഉൾപ്പടെ സഞ്ചരിച്ച കാറുകൾ കൂട്ടി ഇടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്
തലയോലപ്പറമ്പ്: എതിർദിശകളിൽ നിന്നെത്തിയ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ തലയോലപ്പറമ്പ് പള്ളിക്കവലയിലാണ് അപകടം. എറണാകുളത്ത് ആശുപത്രിയിൽ പോയി തിരികെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കോട്ടയം പേരൂർ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാറും വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ പോയ ശേഷം തിരികെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ട് ഭാഗത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിച്ചത്. അപകടത്തെ തുടർന്ന് വാരിയെല്ലിന് സാരമായി പരിക്കേറ്റ പേരൂർ സ്വദേശിയായ വീട്ടമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും കാലിന് സാരമായി പരിക്കേറ്റ തലയോലപ്പറമ്പ് കൂരാപ്പള്ളിൽ കെ.കെ രാജേന്ദ്രബാബു (70), കഴുത്തിന് സാരമായി പരിക്കേറ്റ മകൻ ബിനോയ് രാജേന്ദ്ര ബാബു (38) എന്നിവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളുടെയും മുൻവശം ഭാഗീകമായി തകർന്നു. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്-തലപ്പാറ പ്രധാന റോഡിൽ 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.