റെയിൽവേ സ്റ്റേഷനിലെ വാഹന മോഷണം: യുവാവ് അറസ്റ്റിൽ
എസ്. സതീഷ്കുമാർ
വെള്ളൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും ബുള്ളറ്റ് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കൊറ്റുകാൽ സാൻജിത്ത് ആണ് അറസ്റ്റിലായത്. വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വെള്ളൂർ മനക്കപ്പടി പൈന്താറ്റിൽ ജയശങ്കറിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനം ഇയാൾ വിറ്റിരുന്നു. അൻപതോളം വാഹന മോഷണ കേസുകളിൽ പ്രതിയാണ് 32 കാരനായ സാൻജിത്ത്.
ഒക്ടോബറിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ സാൻജിത്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ, ഗാന്ധി നഗർ, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തിയിരുന്നു. കോട്ടയം ജില്ലയിലെ മോഷണ കേസുകൾ അന്വേഷിക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ രൂപീകരിച്ച സംഘം നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്ന പ്രതിയെ, വെള്ളൂരിൽ നടന്ന മോഷണ കേസിൻ്റെ ഭാഗമായി കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വെള്ളൂർ ഇൻസ്പെക്ടർ കെ.എസ്. ലെബിമോൻ, എസ്.ഐ. എം.കെ. ശിവദാസ്, കെ.പി. മനോജ്,
കെ.എം. സാം, പ്രവീൺ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.